‘ഇഷ്ട’ ജില്ലയില്‍ ഇനി പരീക്ഷയെഴുതാന്‍ കഴിയില്ല; പരീക്ഷകേന്ദ്രം തെരഞ്ഞെടുക്കുന്നതില്‍ നിയന്ത്രണവുമായി പി.എസ്.സി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്ക് കേന്ദ്രം തിരഞ്ഞെടുക്കുന്നതില്‍ നിയന്ത്രണം വരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ നടന്ന ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പിഎസ്സി പരീക്ഷ നടത്തിപ്പില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ജില്ലയില്‍ പരീക്ഷ എഴുതാന്‍ നല്‍കിയിരുന്ന സൗകര്യമാണ് പിഎസ്സി പിന്‍വലിച്ചിരിക്കുന്നത്.
ഇനിമുതല്‍ ജില്ലാതല നിയമനങ്ങള്‍ക്ക് അപേക്ഷ നല്‍കുന്ന ജില്ലയില്‍ മാത്രമേ പരീക്ഷ കേന്ദ്രം അനുവദിക്കൂ. ഇതുവരെ ഒരു ജില്ലയില്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് മറ്റു ജില്ലകളില്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ പിഎസ്സി അവസരം നല്‍കിയിരുന്നു. ഉദ്യോഗാര്‍ത്ഥി തിരഞ്ഞെടുക്കുന്ന ജില്ലയില്‍ തന്നെ പരീക്ഷ എഴുതാനും ഇതുവരെ കഴിഞ്ഞിരുന്നു. എന്നാല്‍ ഇനിമുതല്‍ ഈ സൗകര്യം ഇനി ഉണ്ടാകില്ല.
ഒക്ടോബര്‍ 15 ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സംസ്ഥാനതല വിഞ്ജാപനങ്ങള്‍ പ്രകാരം അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കു നേറ്റീവ് ജില്ലയില്‍ മാത്രം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനാണ് ആദ്യം അവസരം നല്‍കിയിരുന്നത്. ഇത് പരാതികള്‍ക്ക് ഇടയാക്കിയ സാഹചര്യത്തില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ താമസിക്കുന്ന ജില്ലയും ഇതിലെ ഒരു താലൂക്കും മാത്രമേ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാന്‍ കഴിയൂ. ജില്ലാതല നിയമനങ്ങള്‍ക്കുള്ള വിജ്ഞാപനപ്രകാരം അപേക്ഷിക്കുന്നവര്‍ അപേക്ഷ നല്‍കുന്ന ജില്ലയില്‍ വേണം ഇനി പരീക്ഷ എഴുതാന്‍.