ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്. അതിനിടെ, പെൺകുട്ടിക്കൊപ്പം ട്രക്കിങ്ങിനുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.
ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗർ സ്വദേശി ഹർമൻപാൽ സിങ്, ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശി ഹർമൻപ്രീത് സിങ് എന്നിവർക്കൊപ്പമാണ് ബബിത ട്രക്കിങ്ങിന് പോയത്. മേയ് 25-ന് ദെഹ്‌റാദൂണിൽനിന്ന് യാത്രതിരിച്ച മൂവർസംഘം ഹർസിൽ, ഗംഗോത്രി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ആദ്യം സന്ദർശിച്ചത്. മേയ് 28-ന് ഇവർ റെയ്ത്താലിൽ എത്തി. ബബിതയുടെ അവസാന സിസിടിവി ദൃശ്യവും ഇവിടെനിന്നാണ് കണ്ടെത്തിയത്. പിന്നീട് റെയ്ത്താലിൽനിന്ന് മൂവരും ദയാറ ബുഗ്യാലിലേക്ക് ട്രക്കിങ് ആരംഭിച്ചു. യാത്രയ്ക്കിടെ ഗോയ് ബേസ് ക്യാമ്പിലാണ് രാത്രി താമസിച്ചത്. എന്നാൽ, അർധരാത്രിയോടെ ഇവിടെനിന്ന് ബബിതയെ കാണാതായെന്നാണ് സുഹൃത്തുക്കളുടെ മൊഴി.
പെൺകുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതോടെ പോലീസും വനംവകുപ്പും അഗ്നിരക്ഷാസേനയും തിരച്ചിൽ ആരംഭിച്ചിരുന്നു. പിന്നാലെ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും സംസ്ഥാന-ദേശീയ ദുരന്തനിവാരണ സേനകളും തിരച്ചിലിൽ പങ്കാളികളായി. തിരച്ചിലിനായി ഡോഗ് സ്‌ക്വാഡിനെയും ഡ്രോൺ സംവിധാനങ്ങളും എത്തിച്ചു. എന്നാൽ, ഉൾവനത്തിലും ട്രക്കിങ് പാതകളിലും വനത്തിലെ ഗുഹകളിലും ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥിനിയെ കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ധരെ എത്തിച്ച് സമീപത്തെ തടാകത്തിലും പരിശോധന നടത്തിയിരുന്നു.
അതിനിടെ, പെൺകുട്ടി ഉൾപ്പെടെയുള്ളവർ ട്രക്കിങ്ങിനായി പോയത് വ്യാജ പെർമിറ്റ് ഉപയോഗിച്ചാണെന്ന് ജില്ലാ ടൂറിസം ഓഫീസർ അറിയിച്ചു. ഇവർക്ക് വ്യാജ പെർമിറ്റ് സംഘടിപ്പിച്ച് നൽകിയ ‘പ്രോ മൗണ്ടെയ്ൻ’ എന്ന ട്രക്കിങ് ഏജൻസിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഏജൻസി ഉടമകളെയും ഗൈഡുകളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.

