തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
അതേസമയം തെക്കു പടുഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തിലെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും ആവശ്യമായ ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണം. കാലവര്‍ഷം എത്തുന്നത് മുന്നില്‍കണ്ട് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഡി.ആര്‍.എഫിനെ (ദേശീയ ദുരന്ത പ്രതികരണ സേന) നിയോഗിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കാലവര്‍ഷ മുന്നൊരുക്ക യോഗങ്ങള്‍ ഇതിനകം ചേര്‍ന്നുകഴിഞ്ഞു. ദുരിതാശ്വാസ ക്യമ്പുകള്‍ക്കുള്ള സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നാളെ വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ കാലവര്‍ഷം എത്തുന്നതോടൊപ്പം തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ (തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങള്‍, വടക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍, മധ്യ-പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ) എന്നിവിടങ്ങളിലും കാലവര്‍ഷം വ്യാപിക്കാനാണ് സാധ്യത. തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന്, തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.
English Summary
The India Meteorological Department (IMD) has issued a heavy rainfall warning for Kerala, predicting strong showers from Thiruvananthapuram to Thrissur. An Orange Alert has been sounded in eight districts: Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur. Additionally, a Yellow Alert has been declared for Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod districts. Authorities have advised residents, especially in hilly and coastal regions, to remain highly vigilant amid chances of heavy winds and lightning.

