NationalNews

ഹനുമാൻ ഭക്തരെ അവഹേളിച്ചു; പ്രധാനമന്ത്രി മാപ്പുപറയണമെന്ന് കോൺഗ്രസ്

ബെംഗളൂരു: വിശ്വഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയായ ബജ്‌റംഗ്ദളിനെ ഹനുമാനോട് ഉപമിച്ച് ലക്ഷക്കണക്കിന് ഹനുമാന്‍ ഭക്തരെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോപ്പുലര്‍ഫ്രണ്ട് സംഘടനയെ നിരോധിച്ച പോലെ ബജ്‌റംഗ്ദളിനേയും നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ കുറിച്ച് പ്രതികരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ ഹനുമാന്‍ പരാമര്‍ശം. ഹനുമാനെ അഥവാ ബജ്‌റംഗ് ബലിയെ ഒതുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നായിരുന്നു മോദിയുടെ വിശദീകരണം.

“നേരത്തെ അവര്‍ രാമനെ ഒതുക്കി, ഇപ്പോഴാകട്ടെ ജയ് ബജ്‌റംഗ് ബലി എന്ന് ജപിക്കുന്നവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന് രാമനോടും ഇപ്പോള്‍ ഹനുമാന്‍ ഭക്തരോടും ഉള്ള എതിര്‍പ്പ് ഈ രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്”, മോദി പറഞ്ഞു. ഈ പ്രസ്താവനക്കെതിരെയാണ് പ്രധാനമന്ത്രിയുടെ ക്ഷമാപണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയും കൂട്ടരും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ച് സംസാരിക്കാന്‍ തയ്യാറല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്വത്ത് സമ്പാദനം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ധ്രുവീകരണം നടത്താനാണ് അവരുടെ ശ്രമമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്ന വ്യക്തിയേയോ സംഘടനയേയോ നിയമാനുസൃതമായി ശിക്ഷിക്കേണ്ടതാണ്. എന്നാല്‍, രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥ പിന്തുടരാന്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഒരുക്കമല്ല, സുര്‍ജേവാല പറഞ്ഞു.

ധര്‍മത്തിന്റേയും പ്രതിജ്ഞാബദ്ധതയുടേയും പ്രതീകമാണ് ഹനുമാന്‍. സേവനവും ത്യാഗവുമാണ് ഹനുമാന്‍ പ്രതിനിധീകരിക്കുന്നത്. അത്തരത്തിലുള്ള ഹനുമാനെ ഒരു വ്യക്തിയോടോ സംഘടനയോടോ ഉപമിക്കുന്നത് ഹനുമാന്‍ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്, സുര്‍ജേവാല ട്വീറ്റിലൂടെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker