KeralaNews

കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് പേരക്കയുടെ മണമുള്ള മദ്യം ആരാണ് ജയിലില്‍ എത്തിച്ച് നല്‍കിയത്; അന്വേഷണം ഊര്‍ജിതമാക്കി

തിരുവനന്തപുരം: കെവിന്‍ വധക്കേസിലെ പ്രതികള്‍ക്ക് പുറത്തുനിന്ന് എത്തിച്ചുനല്‍കിയത് പേരക്കയുടെ രുചിയും മണവുമുള്ള മദ്യം. സമീപത്തെ സെല്ലിലെ അന്തേവാസിയാണ് പേരക്കയുടെ മണം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് കോട്ടയം കെവിന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒന്‍പതാം പ്രതി ടിറ്റു ജെറോം മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്.

അതേസമയം, പ്രതികള്‍ മദ്യപിച്ചെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും അത് എത്തിച്ചതാരെന്നു തെളിയിക്കാനുള്ള ശ്രമം നടക്കവെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 3 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ബെക്കാഡി ഗുആവ മദ്യത്തിന്റെ മണമടിച്ച അന്തേവാസി വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതോടെ ഇവരെത്തി ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തിരുന്നു. ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രം 4 പേരും പ്രതികരിച്ചില്ല.

ഭീഷണിക്കൊടുവില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. തലേന്ന് ഇവരെ ജയിലിനുപുറത്തു മതിലിനോടു ചേര്‍ന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്സുകളിലാണു കൊണ്ടുപോയത്. അതില്‍ മദ്യം ഒളിപ്പിച്ച് ജയില്‍ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ജയിലില്‍ മദ്യം എത്തിച്ചയാളുടെ വിവരം നല്‍കിയാല്‍ അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്. മാത്രമല്ല, ഇനിയും മദ്യം കിട്ടാനുള്ള വഴിയും അടയും. ഇതോടെ പ്രതികള്‍ ആരാണ് മദ്യമെത്തിച്ചത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ടിറ്റുവിനു മര്‍ദനമേറ്റെന്നു സഹതടവുകാരന്‍ വീട്ടില്‍ അറിയിച്ചെന്നും അതല്ല ടിറ്റു ജെറോം തന്നെയാണ് അറിയിച്ചതെന്നും വിവരമുണ്ട്. ടിറ്റുവിനെ കാണാന്‍ അനുവദിക്കാത്തതിനെതിരെ രക്ഷിതാക്കള്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു വര്‍ഷമായി കാണാന്‍ അനുവദിക്കുന്നില്ലെന്നും കഴിഞ്ഞയാഴ്ച മകനെ കാണുന്നതിനായി അഞ്ചു തവണ ജയിലില്‍ എത്തിയെങ്കിലും സന്ദര്‍ശനം നിഷേധിച്ചുവെന്നുമുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണനയ്ക്കിരിക്കെയാണ് ജയിലിലെ മര്‍ദനത്തെക്കുറിച്ച് ഫോണ്‍ വിളി എത്തുന്നത്. അതുകൂടി കോടതിയെ ധരിപ്പിച്ചതോടെ ഇടപെടല്‍ വേഗത്തിലായി.

ടിറ്റു ജെറോമിനു മര്‍ദനമേറ്റെന്ന് ജില്ലാ ജഡ്ജി കണ്ടെത്തിയതോടെ ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍മാരായ ബിജു കുമാര്‍, ബിജു കുമാര്‍, അസിസ്റ്റന്റ് പ്രിസന്‍ ഓഫിസര്‍ സനല്‍ എന്നിവരെയാണ് മാറ്റിയത്. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കും ബിജു കുമാറിനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കുമാണു മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker