EntertainmentKeralaNews

ദിനചര്യകളും സ്വന്തം പേരും മറന്നു, ഉമിനീരുപോലും ഇറക്കാതായി; കനകലതയുടെ ഇപ്പോഴത്തെ ജീവിതം

കൊച്ചി:ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത കലാകാരിയാണ് കനകലത. വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അവരിന്ന് ജീവിതത്തിന്റെ മറ്റൊരുഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഒരു മനുഷ്യന്റെ ഓർമകളിൽ ഏറ്റവും നിസ്സാരമായതുവരെ മറന്നുപോയിരിക്കുന്നു ഇന്ന് കനകലത.

തനിച്ച് ഭക്ഷണം കഴിക്കാനറിയാതെ, പ്രാഥമിക കാര്യങ്ങൾ പോലും ഒറ്റയ്ക്ക് ചെയ്യാനാവാതെ, ഇടയ്‌ക്കെങ്കിലും സ്വന്തംപേരുപോലും മറന്നുപോവുന്ന അവസ്ഥ. സിനിമ മാത്രം അവർക്ക് തിരിച്ചറിയാം. രോഗാതുരതയിലും സിനിമയെപ്പറ്റിയുള്ള ഓർമകൾ മാത്രം മായാതെ കനകലതയുടെ ഉള്ളിലുണ്ട്. അത്രമേൽ അവർ സിനിമയെ സ്‌നേഹിക്കുന്നു.

പാർക്കിൻസൺസും ഡിമെൻഷ്യയുമാണ് കനകലതയെ തളർത്തിയത്. 2021 ഡിസംബർ തൊട്ടാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. സഹോദരി വിജയമ്മയാണ് കനകലതയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത്. ഈ മാറ്റങ്ങൾ കണ്ടപ്പോൾ ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്.

വിഷാദരോഗമാവാമെന്ന്. ഉറക്കം കുറവായിരുന്നു. നമുക്ക് സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് എപ്പോഴും പറയുമായിരുന്നുവെന്ന് വിജയമ്മ പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് കനകലത അക്കാര്യം വിടും.

ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവൾ അത് നിർത്തി. അപ്പോഴും ഡോക്ടറെ കാണാമെന്ന് പറഞ്ഞ് ഞാനവളെ നിർബന്ധിച്ചു. അങ്ങനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങൾ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടയിൽ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകൾക്കായി പോയപ്പോൾ പരുമല ഹോസ്പിറ്റലിൽ കാണിച്ച് എം.ആർ. എ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി.”

“ഞങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നശേഷം കിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ കാണിച്ചു. കഴിഞ്ഞ ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെ അവൾ അവിടെ ഐസിയുവിലായിരുന്നു. അപ്പോഴേ ഡോക്ടർ പറഞ്ഞു, കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. അതുകൊണ്ട് ട്യൂബ് ഇടുന്നതാണ് നല്ലതെന്ന്. തീർത്തും ഭക്ഷണം കഴിക്കുന്നത് നിർത്തി. ഉമിനീരുപോലും ഇറക്കാതായി.

ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോൾ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും അവൾ പറയില്ല. ഭക്ഷണം വേണോ എന്ന് ഞങ്ങളങ്ങോട്ട് ചോദിക്കും. നിർബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോൾ കഴിക്കും. ഇല്ലെങ്കിൽ തുപ്പിക്കളയും. അതുമല്ലെങ്കിൽ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാൽ എങ്ങനെയിരിക്കും.” വിജയമ്മ ചോദിക്കുന്നു.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2… തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളിൽ അവർ തന്റെ വേഷങ്ങൾ മികച്ചതാക്കി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker