News

കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ച്‌ ഈ ഗള്‍ഫ് രാജ്യം,800 പ്രവാസികള്‍ക്ക്‌ ‍ജോലി നഷ്ടമാകും

കുവൈത്ത് സിറ്റി:പ്രവാസികൾക്ക് നേരേ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. രാജ്യത്ത് നിലവിലുള്ള പ്രവാസികളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ തന്നെയാണ് അധികൃതരുടെ തീരുമാനം. ഇപ്പോൾ കുവൈത്തിൽ പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. 800 പ്രവാസികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂട്ട പിരിച്ചുവിടലിന് മന്ത്രാലയം വ്യക്തമായ കാരണങ്ങളൊന്നും നല്‍കിയിട്ടില്ല.

പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി തങ്ങളുടെ തൊഴില്‍പരമായ കാര്യങ്ങള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ഗ്രേസ് പിരീഡ് നല്‍കിയിട്ടുണ്ട്.അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. രാജ്യത്ത് അധ്യാപകരുടെ കുറവ് ഉണ്ടായിട്ടും കഴിഞ്ഞ അധ്യയന വര്‍ഷാവസാനം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഏകദേശം 1,800 പ്രവാസി അധ്യാപകരെ പിരിച്ചുവിട്ടിരുന്നു.

അതേസമയം വിദേശികൾ പെരുകുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് കുവൈത്തിൽ ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. ഇത് മൂലം പല പ്രവാസികൾക്കും നാട്ടിൽ നിന്ന് കുടുംബങ്ങളെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. നിലവില്‍ തൊഴില്‍ വിസയും, കൊമേഴ്ഷ്യല്‍ സന്ദര്‍ശന വിസയും മാത്രമേ അനുവദിക്കുന്നുള്ളൂ.

പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ തന്നെയാണ് കുവൈത്ത് ഇത്തരം നടപടികൾ മുന്നോട്ടുവയ്ക്കുന്നത്. പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഭാവിയിലും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലൊരു നിര്‍ദ്ദേശമാണ് പാര്‍ലിമെന്റ് സ്പീക്കര്‍ അഹമ്മദ് അൽ-സദൂൺ ദേശീയ അസംബ്ലിയില്‍ മുന്നോട്ടുവെച്ചത്.

പൊതുമേഖലയിലെ ജോലി അവസരങ്ങള്‍ കുവൈത്തി പൗരന്മാർക്കായി മാത്രമായി പരിമിതപ്പെടുത്തണമെന്നും, യോഗ്യതയുള്ള കുവൈത്തികളെ ലഭിച്ചില്ലെങ്കില്‍ മാത്രമേ പകരം പ്രവാസി തൊഴിലാളികളെ പരിഗണിക്കാവൂയെമന്നുമുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ചു. അതോടപ്പം സമാനമായ ജോലികൾ ചെയ്യുന്ന സ്വദേശി തൊഴിലാളികളുടെ ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളം ഇവര്‍ക്ക് നല്‍കരുതെന്നും അൽ-സദൂൺ നിര്‍ദ്ദേശിച്ചു.

രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും സ്വദേശിവൽക്കരണം ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും , പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയുമെന്ന് അൽ-സദൂൺ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker