InternationalNews

ഗാസ ധനമന്ത്രിയെ ഇസ്രയേൽ കൊലപ്പെടുത്തി,ഇരുപക്ഷത്തുമായി മരണം 2500 കടന്നു,പരുക്കേറ്റ് നൂറുകണക്കിനാളുകള്‍

ടെൽ അവീവ്: അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേൽ എംബസി വ്യക്തമാക്കി. അതിനിടെ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനമന്ത്രി കൊല്ലപ്പെട്ടു. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. കഴിഞ്ഞ ദിവസം ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും ഇസ്രയേൽ തകർത്തിരുന്നു. 

ഇസ്രയേൽ – ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തിന് ഉള്ളിലേക്ക് കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചുവെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു. ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേൽ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകർത്തിരുന്നു. ബന്ദികളായിക്കയവരുടെ കാര്യത്തിൽ വ്യോമാക്രമണം നിർത്തിയാൽ അവരെ മോചിപ്പിക്കുന്നത് ചർച്ച ചെയ്യാമെന്നായിരുന്നു ഹമാസ് നിലപാട്. ഇത് ഇസ്രയേൽ തള്ളുകയും ചെയ്തു.

ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടയിലാണ് ലെബനൻ അതിർത്തിയിലും സ്ഥിതി മോശമാകുന്നത്. ലബനാനിലെ ഹിസ്ബുല്ല സംഘവുമായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം ഏറ്റുമുട്ടി. വെസ്റ്റ്ബാങ്കിലും ഇന്ന് സംഘർഷം ഉണ്ടായി. ഇസ്രയേൽ സൈന്യത്തിന്‍റെ വെടിവെപ്പിൽ 17 പലസ്തീൻകാർ കൊല്ലപ്പെട്ടു. അതേസമയം വീണ്ടും കടുപ്പിച്ച ഹമാസ്, തെക്കൻ ഇസ്രായേലി നഗരമായ ആഷ്കെലോൻ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ജനങ്ങൾ വീടുവിട്ടു പോകണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ രം​ഗത്ത്. പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാട്മിർ പുടിൻ പറഞ്ഞു. ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ആദ്യമായാണ് പുടിൻ പ്രതികരിക്കുന്നത്. 

ഇസ്രയേൽ-ഹമാസ് സംഘ‍ർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലിലുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധമേഖലയില്‍ കുടുങ്ങിയ ഇന്ത്യയിൽ നിന്നുപോയ തീർത്ഥാടകരായ മലയാളികളെയടക്കം വേ​ഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ ഒഴിപ്പിക്കല്‍ സംബന്ധിച്ച് ഇന്ത്യയുടെ നീക്കങ്ങളപ്പറ്റി കേന്ദ്ര സർക്കാർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ സംബന്ധിച്ച വിവരങ്ങൾ എംബസിക്കുണ്ടെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇസ്രയേലിന്റെ അയൽ രാജ്യങ്ങളോടും ​ഗൾഫ് രാജ്യങ്ങളോടും വിദേശകാര്യമന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നേരിട്ടാണ് ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. പതിനെട്ടായിരത്തോളം ഇന്ത്യാക്കാരാണ് നിലവില്‍ ഇസ്രയേലിലുള്ളത്.

യുദ്ധത്തിനെതിരായി കോൺ​ഗ്രസ് പാസാക്കിയ പ്രമേയത്തിൽ ഹമാസ് ആക്രമണം പരാമർശിക്കാത്തതിൽ പാർട്ടിക്കുള്ളിൽ നേതാക്കൾ അതൃപ്തി അറിയിച്ചു. പ്രവർത്തകസമിതിയിലെ പത്തിലധികം നേതാക്കളാണ് ആക്രമണത്തെ അപലപിക്കണമെന്ന് നിർദേശം മുന്നോട്ടുവച്ചത്. രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമായിരുന്നു വിഷയം സമിതി ചർച്ച ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker