KeralaNews

എല്‍സിയുടെ ബിരുദവും വ്യാജമോ? നിയമനത്തില്‍ ഇടപടലുകള്‍ നടന്നതായി സംശയം

കോട്ടയം: മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനും കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ എംജി സര്‍വകലാശാല അസിസ്റ്റന്റ് സിജെ എല്‍സി അടക്കമുള്ളവരുടെ നിയമനത്തില്‍ ഇടത് സംഘടന ഇടപെട്ടതിന്റെ രേഖകള്‍ പുറത്ത്. തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിലെ മാനദണ്ഡം മാറ്റാന്‍ എംപ്ലോയീസ് അസോസിയേഷന്‍ വിസിക്ക് നല്‍കിയ കത്ത് പുറത്തുവന്നു.അതിനിടെ എല്‍സിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കാന്‍ വിജിലന്‍സ് നീക്കം തുടങ്ങി.

കേരളത്തിലെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടത് 2016 മാര്‍ച്ചിലായിരുന്നു. സര്‍വകലാശാലകളിലെ സര്‍വീസ് സംഘടനകളുടെ ആവശ്യപ്രകാരം ആകെയുള്ള അസിസ്റ്റന്റ് ഒഴിവിന്റെ രണ്ടു ശതമാനം, തൊട്ടു താഴെയുള്ള തസ്തികകളില്‍ നിന്നുള്ളവരെ പ്രൊമോഷന്‍ വഴി നിയമിക്കാന്‍ തീരുമാനമായി. എന്നാല്‍ നിരന്തര സമ്മര്‍ദത്തിനൊടുവില്‍ രണ്ടു ശതമാനം പിന്നീട് നാല് ശതമാനമായി ഉയര്‍ന്നു.

2017ല്‍ എംജി സര്‍വകലാശാല ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാര്‍ രജിസ്ട്രാര്‍ക്ക് വേണ്ടി പുറത്തിറക്കിയ ഉത്തരവിലൂടെ അസിസ്റ്റന്റ് കേഡറിലെ ആകെയുള്ള 712 ഒഴിവുകളില്‍ 4 ശതമാനം ഒഴിവുകള്‍ താഴ്ന്ന വിഭാഗത്തില്‍ 4 വര്‍ഷം ജോലി ചെയ്തവര്‍ക്ക് നീക്കിവച്ച ഈ ഉത്തരവിലൂടെ ആണ് എല്‍സിക്ക് നിയമനം തരമായത്.

2 ശതമാനം സംവരണം എന്നത് 4 ശതമാനം ആക്കിയത് കണ്ണൂര്‍ സര്‍വകലാശാലയ്ക്കായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ കൂടി മറവിലുമായിരുന്നു. പിഎസ്സി നിയമനങ്ങള്‍ക്ക് മുന്‍പേ വേണ്ടപ്പെട്ടവരുടെ എല്ലാം കസേര ഉറപ്പിക്കാന്‍ ഇടത് സംഘടനായ എംപ്ലോയീസ് അസോസിയേഷന്‍ 2016 മുതല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ രേഖകളും പുറത്തുവന്നു.

തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്റ് നിയമനത്തില്‍ താഴെയുള്ള എല്ലാ ജീവനക്കാരെയും പരിഗണിക്കണം എന്നാവശ്യപ്പെട്ട് 2016 ജൂലൈയില്‍ ഇടത് സംഘടന വിസിക്ക് നല്‍കിയ കത്തും പുറത്തുവന്നു. സര്‍വകലാശാലയുടെ ആദ്യ തീരുമാനപ്രകാരം മുന്നോട്ട് പോയിരുന്നില്ലെങ്കില്‍ എല്‍സി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമനം കിട്ടുമായിരുന്നില്ല. ഇതു മറികടക്കാനാണ് മാനദണ്ഡം മാറ്റണമെന്ന ആവശ്യം ഇടത് സംഘടന മുന്നോട്ട് വച്ചത്.

2017 ഒക്ടോബര്‍ 25ന് ഇറങ്ങിയ പുതുക്കിയ ഉത്തരവ് പ്രകാരം തിടുക്കത്തില്‍ നവംബറില്‍ തന്നെ എല്‍സി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമനം കിട്ടി. പിഎസ്‌സി വഴി നിയമിച്ചവരെക്കാള്‍ ഇവര്‍ക്ക് സീനിയോറിറ്റി ലഭിക്കുകയും ചെയ്തു. 2010ല്‍ പിയൂണ്‍ തസ്തികയില്‍ ജോലിക്ക് കയറിയപ്പോള്‍ എല്‍സിക്ക് എസ്എല്‍എല്‍സി യോഗ്യത ഉണ്ടായിരുന്നില്ല. എന്നാല്‍ 2016ല്‍ അസിസ്റ്റന്റായി നിയമനം കിട്ടിയപ്പോള്‍ എസ്എസ്എല്‍സി- പ്ലസ്ടു തത്തുല്യയോഗ്യതയും എംജിയില്‍ തന്നെയും റെഗുലര്‍ ബിരുദവും എല്‍സി സ്വന്തമാക്കിയിരുന്നു.

എന്നാല്‍ 2016 ല്‍ നിന്ന് 2022 ല്‍ എത്തുമ്പോഴും പ്രൊമോഷന് ആവശ്യമായ പിഎസ്‌സി നേരിട്ട് നടത്തുന്ന വകുപ്പുതല പരീക്ഷ എല്‍സി പാസായിട്ടില്ല. ബിരുദം റെഗുലറായി ആദ്യ തവണ തന്നെ നേടിയെടുത്ത ഒരാള്‍ താരതന്മേന്യ എളുപ്പമായ വകുപ്പുതല പരീക്ഷ വിജയിക്കാത്തത് വിജിലന്‍സ് സംശയത്തോടെയാണ് നോക്കി കാണുന്നത്. എല്‍സിയുടെ ബിരുദവും നിയമനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വിശദമായി അന്വേഷിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker