ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹാജരാക്കും;നാലാം ഫോണിനായി അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈല്‍ ഫോണുകളും രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനാണ് ദിലീപിനോടും കൂട്ടി പ്രതികളോടും നിര്‍ദേശിച്ചിരിക്കുന്നത്. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, അനിയന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കേണ്ടത്.

ദിലീപ് തന്നെ സ്വകാര്യ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി കൊച്ചിയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ദിലീപിന്റേയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണ്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഉപഹര്‍ജിയും ഉച്ചയ്ക്ക് 1.45 ന് സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

മൊബൈല്‍ ഫോണ്‍ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. അംഗീകൃത ഏജന്‍സികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എറണാകുളം എം ജി റോഡിലെ ഒരു ഫ്‌ലാറ്റില്‍ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബര്‍ മാസത്തിലാണ് ഇവര്‍ ഒത്തുകൂടിയതെന്നാണ് കണ്ടെത്തല്‍. തന്റെ മൊബൈല്‍ ഫോണുകളില്‍ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോണ്‍ സംഭാഷണമാണെന്നുള്ള ദിലീപിന്റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ണമായും നിലച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്. നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ നടനും എംഎല്‍എയുമായ ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചു നല്‍കിയ കേസില്‍, ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് വിപിന്‍ ലാല്‍ കോടതിയെ സമീപിച്ചത്.

ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നായിരുന്നു പ്രദീപിന്റെ ഭീഷണി. ലോക്കല്‍ പൊലീസ് കൃത്യമായി അന്വേഷിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഒന്നും ചെയ്തില്ലെന്ന് ഹര്‍ജിയില്‍ വിപിന്‍ ലാല്‍ കുറ്റപ്പെടുത്തുന്നു. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News