27.6 C
Kottayam
Friday, March 29, 2024

വനിതാ ടി20 ലോകകപ്പ്: പൊരുതിത്തോറ്റു, ഇന്ത്യ പുറത്ത്

Must read

കേപ്‌ടൗണ്‍: വനിതാ ടി20 ലോകകപ്പ് സെമിയില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ വലിയ ആശങ്കയിലായിരുന്നു. കടുത്ത പനി മൂലം വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നിര്‍ണായക സെമിയില്‍ കളിക്കാനുണ്ടാവില്ലെന്നതായിരുന്നു ഇന്ത്യന്‍ ടീമിനെ അലട്ടിയ ആ വലിയ ആശങ്ക. എന്നാല്‍ കളിക്കാരുടെ മനോവീര്യമുയര്‍ത്തി ഹര്‍മന്‍ കളിക്കാനിറങ്ങി.

നിര്‍ണായക അര്‍ധസെഞ്ചുറിയുമായി ടീമിനെ ഐതിഹാസിക ജയത്തിന് അടുത്ത് എത്തിക്കുകയും ചെയ്തു. എന്നാല്‍ ഹര്‍മന്‍റെ ചെറിയൊരു പിഴവ് ഇന്ത്യക്ക് നിഷേധിച്ചത് ലോകകപ്പിന്‍റെ ഫൈനല്‍ ടിക്കറ്റായിരുന്നു. തുടക്കത്തില്‍ 28-3 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞശേഷം ഹര്‍മനും ജെമീമ റോഡ്രിഗസും നടത്തിയ തിരിച്ചടി ഓസ്ട്രേലിയയെ വിറപ്പിച്ചതാണ്. ഓവറില്‍ 10 റണ്‍സ് ശരാശരിയില്‍ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് ഇന്ത്യ കാലങ്ങളായി കാത്തിരിക്കുന്ന വിജയം സമ്മാനിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു.

പത്താം ഓവറില്‍ 100ന് അടുത്തെത്തിയ ഇന്ത്യക്ക് പക്ഷെ ജെമീമയുടെ വിക്കറ്റ് നഷ്ടമായത് ആദ്യ തിരിച്ചടിയായി. ഡാര്‍സി ബ്രൗണിന്‍റെ തലക്ക് മുകളിലൂടെ പോയ ബൗണ്‍സര്‍ വിക്കറ്റിന് പിന്നിലേക്ക് കളിക്കാന്‍ ശ്രമിച്ചതാണ് ജെമീമക്ക് വിനയായത്. എഡ്ജ് ചെയ്ത് പന്ത് അലീസ ഹീലി അനായാസം കൈയിലൊതുക്കി. ജെമീമ മടങ്ങിയപ്പോഴും ഹര്‍മന്‍ ക്രീസിലുണ്ടല്ലോ എന്ന ധൈര്യമുണ്ടായിരുന്നു ഇന്ത്യക്ക്.  ജെമീമ മടങ്ങിയശേഷവും തകര്‍ത്തടിച്ച ഹര്‍മന്‍ 34 പന്തില്‍ 52 റണ്‍സെടുത്ത് നില്‍ക്കെ രണ്ടാ റണ്ണിനായി ഓടിയതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ റണ്ണൗട്ടില്‍ കലാശിച്ചത്.

സ്ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ച പന്തില്‍ അനായാസം രണ്ട് റണ്‍ ഓടിയെടുക്കാമായിരുന്നു. എന്നാല്‍ രണ്ടാം റണ്‍ പൂര്‍ത്തിയാക്കാനായി ക്രീസിന് അടുത്തെത്തി ക്രീസിനുള്ളിലേക്ക് ബാറ്റ് വെച്ച ഹര്‍മന്‍റെ  ബാറ്റ് ഗ്രൗണ്ടില്‍ തട്ടിനിന്നതോടെ അലീസ ഹീലി ബെയ്ല്‍സിളക്കി. 133 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യയുടെ സ്കോര്‍. ജയത്തിലേക്ക് വെറും 40 റണ്‍സിന്‍റെ അകലം.

ഹര്‍മന്‍ പുറത്തായതോടെ താളം തെറ്റിയ ഇന്ത്യയെ ദീപ്തി ശര്‍മയും സ്നേഹ് റാണയും ചേര്‍ന്ന് അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും ഓസീസിന്‍റെ ഫീല്‍ഡിംഗ് കരുത്തിനും ബൗളിംഗ് കരുത്തിനും മുന്നില്‍ ഇന്ത്യ മുട്ടുമടക്കി. നേരത്ത് ഓസീസ് ബാറ്റിംഗിനിടെ കൈവിട്ട ക്യാച്ചുകള്‍ ഫീല്‍ഡിംഗ് പിഴവുകളും ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി. ഇന്നിംഗ്സിലെ അവസാന രണ്ടോവറില്‍ 30 റണ്‍സാണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week