EntertainmentKeralaNews

‘മകൻ എന്താകണം എന്നല്ല, എന്താകരുതെന്നേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളൂ’; മോഹൻലാലിന്റെ വാക്കുകൾ

കൊച്ചി:മലയാള സിനിമയിലെ താരപുത്രന്മാരിൽ വളരെ വ്യത്യസ്തനാണ് പ്രണവ് മോഹൻലാൽ. ചെറുപ്പത്തിലേ സിനിമയിൽ എത്തിയതാണെങ്കിലും അഭിനയത്തേക്കാൾ നടൻ പ്രാധാന്യം നൽകുന്നത് യാത്രകൾക്കാണ്. 2002ൽ മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ അരങ്ങേറ്റം. എന്നാൽ ഇതുവരെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ നടൻ അഭിനയിച്ചിട്ടുള്ളു. അതിൽ ഹിറ്റായതാകട്ടെ കഴിഞ്ഞ വർഷം ഇറങ്ങിയ ഹൃദയം മാത്രം. എങ്കിലും താരമൂല്യത്തിന്റെ കാര്യത്തിലും ആരാധകരുടെ എണ്ണത്തിലുമൊന്നും പ്രണവ് ഒട്ടും പുറകിലല്ല.

മോഹൻലാലിൻറെ മകനാണെങ്കിലും യാതൊരു വിധ താരപരിവേഷവും കാണിക്കാതെയുള്ള പ്രണവിന്റെ ജീവിത രീതികൾ ആരാധകരെ ആകർഷിച്ചിട്ടുണ്ട്‌. അത് തന്നെയാണ് നടനെ കൂടുതൽ പേർക്കും പ്രിയങ്കരനാക്കുന്നതും. കരിയറിന്റെ തുടക്കം മുതൽ പ്രണവിന് പിന്തുണയുമായി അച്ഛൻ മോഹൻലാൽ ഉണ്ടായിരുന്നു. ഇപ്പോഴും അത് അതേപടി തുടരുന്നുണ്ട്. പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം പ്രണവിനെ കുറിച്ച് മോഹൻലാൽ വാചാലനാകാറുണ്ട്.

ഇപ്പോഴിതാ, ഒരു വേദിയിൽ മോഹൻലാൽ പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഒരിക്കൽ തന്നോട് മകൻ എന്താവണം എന്ന് ചോദിച്ചപ്പോൾ മകൻ എന്താവരുത് എന്നാണ് താൻ പ്രാർത്ഥിക്കുന്നത് എന്നാണ് മറുപടി നൽകിയത് എന്ന് മോഹൻലാൽ പറയുന്നു.

‘എന്നോട് എന്റെ മകൻ എന്താവണം എന്ന് ചോദിച്ചപ്പോൾ ഞാൻ മറുപടി പറഞ്ഞത്, അവൻ എന്ത് ആവരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്നാണ്. ചെയ്യാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഉള്ളപ്പോൾ ഒരു പയ്യൻ എന്ത് ആകരുത് എന്നാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്. എന്താവണമെന്ന് അവർ നോക്കിക്കോളും. അതുകൊണ്ട് സ്വയം കണ്ടെത്തുക. രാവിലെ എഴുന്നേൽക്കുമ്പോൾ സ്വയം ചോദിക്കുക, നമ്മൾ ചെയ്യുന്നത് ശരിയാണോ. ഈ ദിവസം എങ്ങനെയാണ് നമ്മൾ കൊണ്ടുപോകേണ്ടത് എന്നെല്ലാം’,

‘അങ്ങനെയാണെങ്കിൽ കുറച്ചു കഴിയുമ്പോൾ അതിമനോഹരമായ ഉത്തരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതുകൊണ്ട് കുട്ടികൾ സ്വന്തമായി ചോദ്യങ്ങൾ ചോദിക്കുക. സ്വന്തമായി ഉത്തരങ്ങൾ കണ്ടെത്തുക. മറ്റുള്ള ആളുകളെ ഫിസിക്കൽ ആയിട്ടോ മെന്റൽ ആയിട്ടോ സ്പിരിച്വലായിട്ടോ ഉപദ്രവിക്കാതിരിക്കുക. അതിന് വേണ്ടി ശ്രമിക്കുക’, മോഹൻലാൽ പറഞ്ഞു.

മുൻപ് ഒരു അഭിമുഖത്തിൽ പ്രണവിന് യാത്രകളോടുള്ള പ്രിയത്തെ കുറിച്ച് മോഹൻലാൽ സംസാരിച്ചിരുന്നു. താൻ പണ്ട് ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് അവൻ ഇപ്പോൾ ചെയ്യുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്. അന്ന് തനിക്ക് അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അവനിപ്പോൾ അതിന് കഴിയുന്ന സാഹചര്യമാണ്. അതുകൊണ്ട് അവൻ അതിലേക്ക് പോകുമ്പോൾ തനിക്ക് തടയാൻ കഴിയില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്.

മാസങ്ങൾക്ക് മുൻപാണ് ഒരു വർഷം നീണ്ടു നിന്ന ഒരു ആത്‌മീയ യാത്ര പൂർത്തിയാക്കി പ്രണവ് തിരിച്ചെത്തിയത്. കഴിഞ്ഞ മാസം പ്രണവിന്റെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരുന്നു. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാലാണ് പ്രഖ്യാപിച്ചത്. വർഷങ്ങൾക്കു ശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രണവിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിന്‍റെ ഭാ​ഗമാകുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും എന്നാണ് വിവരം. മേരിലാന്റ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker