25.9 C
Kottayam
Friday, April 26, 2024

കനത്ത മഴ, പ്രളയം ജിദ്ദയില്‍ വ്യാപക നാശനഷ്ടം; നൂറുകണക്കിന് കാറുകള്‍ ഒഴുക്കില്‍പ്പെട്ടു

Must read

ജിദ്ദ: ജിദ്ദയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. പലയിടങ്ങളിലും കാറുകള്‍ ഒഴുക്കില്‍പ്പെട്ടു. നിരവധി റോഡുകളിലും വെള്ളം കയറി. ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരണപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നി അറിയിച്ചു.

ശക്തമായ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട കാറുകള്‍ മറ്റ് കാറുകള്‍ മുകളിലായി. നഗരത്തില്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വെള്ളം കയറിയ റോഡുകളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് റബ്ബര്‍ ബോട്ടുകളും മറ്റും ഉപയോഗിച്ച് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചു. കനത്ത മഴ വിമാന സര്‍വീസുകളെയും ബീധിച്ചു. ഏതാനും വിമാന സര്‍വീസുകള്‍ നീട്ടിവെച്ചതായി ജിദ്ദ എയര്‍പോര്‍ട്ട് അറിയിച്ചു. വിമാന സര്‍വീസുകളുടെ സമയക്രമം അറിയാനായി യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും ജിദ്ദ എയര്‍പോര്‍ട്ട് വ്യക്തമാക്കി.

പെട്ടെന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്. രാത്രി എട്ടുമണി വരെ മഴ തുടരുമെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചിരുന്നു. ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കാറ്റും മഞ്ഞുവീഴ്ചയും ഇടിമിന്നലും ചില പ്രദേശങ്ങളിലുണ്ട്. കടലും പ്രക്ഷുബ്ധമാണ്. രാവിലെ മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച​ കുറയുകയും ചെയ്തിരുന്നു.

രണ്ട്​മണിക്കൂറിലധികം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. മുൻകരുതലായി റോഡിലെ അണ്ടർപാസ്​വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടർപാസ്​വേകൾ ട്രാഫിക്ക്​ വിഭാഗം അടച്ചിരുന്നു. ജിദ്ദ, റാബിഖ്​, ഖുലൈസ്​എന്നിവിടങ്ങളിലെ സർക്കാർ,​ സ്വകാര്യ സ്‌കൂളുകൾക്കും  മറ്റ്‌ സ്ഥാപനങ്ങൾക്കും​ ഇന്ന് അവധി നൽകിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week