29.5 C
Kottayam
Friday, April 19, 2024

ഫിഫ വിലക്കില്‍ ഉസ്‍ബക്കിസ്ഥാനില്‍ കുടുങ്ങി ഗോകുലം കേരള വനിതാ ടീം; പ്രധാനമന്ത്രിക്ക് കത്ത്

Must read

താഷ്‍കന്‍റ്: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയതോടെ എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവാതെ ഉസ്‍ബക്കിസ്ഥാനില്‍ കുടുങ്ങിയ ഗോകുലം കേരള വനിതാ ടീം അംഗങ്ങള്‍ ആശങ്കയില്‍. ഫിഫയുടെ വിലക്ക് നീക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി ഗോകുലം കേരള ട്വിറ്ററിലൂടെ രംഗത്തെത്തി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താഷ്‍കന്‍റില്‍ എത്തിയ ശേഷം മാത്രമാണ് ഗോകുലം കേരള വനിതാ ടീം ഫിഫയുടെ വിലക്ക് അറിഞ്ഞത്. 

‘കോഴിക്കോട് നിന്ന് ഉസ്ബക്കിസ്ഥാനിലെ താഷ്‍കന്‍റില്‍ 16ാം തിയതി പുലർച്ചെ ഞങ്ങളുടെ ടീമെത്തി. എഐഎഫ്എഫിനെ ഫിഫ വിലക്കിയതായി ഇവിടെയെത്തിയപ്പോഴാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത്. വിലക്ക് നീക്കുന്നത് വരെ രാജ്യാന്തര ടൂർണമെന്‍റുകളുടെ ഭാഗമാകാന്‍ ടീമിന് കഴിയില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഫിഫയുടെ വിലക്ക് നീക്കാനുളള വഴികള്‍ തേടണം. ഇന്ത്യയിലെ വനിതാ ചാമ്പ്യന്‍ ക്ലബ് എന്ന നിലയില്‍ ടൂർണമെന്‍റില്‍ പങ്കെടുക്കാനുള്ള വഴിയൊരുക്കണമെന്നും’ ഗോകുലം കേരള കത്തിലൂടെ ആവശ്യപ്പെട്ടു. 

ഭരണകെടുകാര്യസ്ഥതയുടെ പേരില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ ഇന്നലെയാണ് വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് തലവന്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ തുടർന്നതും ഫെഡറേഷന്‍റെ കാര്യങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായതുമാണ് ഫിഫയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ എല്ലാ ദൈന്യംദിനം പ്രവർത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ വിലക്ക് പിന്‍വലിക്കുമെന്നാണ് ഫിഫയുടെ അറിയിപ്പ്. 

2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്.

ഫിഫയുടെ വിലക്ക് വന്നതോടെ അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദിയുള്‍പ്പടെ അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഒക്ടോബർ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week