30.6 C
Kottayam
Saturday, April 27, 2024

കൊലയിലേക്ക് നയിച്ചത് ലഹരി ഇടപാടിലെ തർക്കം? അർഷാദിന്റെ പക്കൽ മാരക ലഹരിമരുന്നുകൾ, കവർച്ചയിലും പ്രതി

Must read

കൊച്ചി/കാസര്‍കോട്: കാക്കനാട്ടെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ അര്‍ഷാദില്‍നിന്ന് ലഹരിവസ്തുക്കളും പിടിച്ചെടുത്തു. കാസര്‍കോട്ടുനിന്ന് പിടിയിലായ അര്‍ഷാദിന്റെ ബൈക്കില്‍നിന്നാണ് എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തത്. ഇയാളുടെ ബൈക്കില്‍നിന്ന് ഒരുകിലോ കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതോടെ കാസര്‍കോട്ട് അര്‍ഷാദിനെതിരേ ലഹരിമരുന്ന് കേസും രജിസ്റ്റര്‍ ചെയ്യും. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പ്രതിയെ കൊച്ചി പോലീസിന് കൈമാറുക.

അതേസമയം, കൊച്ചിയിലെ കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണെന്നും സൂചനയുണ്ട്. കൊലപാതകം നടന്ന ഫ്‌ളാറ്റില്‍ പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പതിവായി ഇവിടെ പലരും വന്നുപോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

ബുധനാഴ്ച കസ്റ്റഡിയിലായ അര്‍ഷാദ് നേരത്തെ കൊണ്ടോട്ടിയിലെ ഒരു ജൂവലറി കവര്‍ച്ചാക്കേസിലും പ്രതിയാണ്. കൊണ്ടോട്ടിയിലെ കവര്‍ച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം അര്‍ഷാദ് ഗോവയിലേക്കാണ് കടന്നത്. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് കൊച്ചിയില്‍ എത്തിയതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം കൊലപാതകവിവരം പുറത്തറിഞ്ഞതോടെയാണ് ഫ്‌ളാറ്റിലുണ്ടായിരുന്ന അര്‍ഷാദ് ഒളിവില്‍പോയിരിക്കുകയാണെന്ന് വ്യക്തമായത്. കഴിഞ്ഞദിവസം വരെ ഇയാളുടെ ഫോണും കൊല്ലപ്പെട്ട സജീവിന്റെ ഫോണും പ്രവര്‍ത്തിച്ചിരുന്നു. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായി സജീവിന്റെ ഫോണ്‍ കൈക്കലാക്കിയ അര്‍ഷാദ്, ഇതില്‍നിന്ന് മെസേജുകള്‍ അയക്കുകയും ചെയ്തു. എന്നാല്‍ കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഈ ഫോണുകള്‍ സ്വിച്ച് ഓഫ് ആയി.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിന് സമീപത്തുവെച്ചാണ് അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് മഞ്ചേശ്വരത്തുനിന്ന് അര്‍ഷാദിനെ പോലീസ് പിടികൂടിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഇവിടെവെച്ചാണ് അര്‍ഷാദിനെ പോലീസ് പിടികൂടിയത്.

അതിനിടെ, കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ശരീരത്തില്‍ 20-ഓളം മുറിവുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലും നെഞ്ചിലുമാണ് മാരകമായ പരിക്കുകളുള്ളത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ(22)നെ കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്‌സോണിയ ഫ്ളാറ്റിലെ 16-ാം നിലയിലായിരുന്നു കൊലപാതകം നടന്നത്. ഫ്ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. മറ്റു മൂന്നുപേര്‍ ടൂര്‍ പോയി തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ഇവര്‍ ബെല്ലടിച്ചിട്ടും വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നത്രെ. ഇതേത്തുടര്‍ന്ന് മൂവരും സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു.

സംശയം തോന്നിയതോടെ ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മൂവരും ഫ്ളാറ്റിനകത്ത് പ്രവേശിച്ചു. മുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്. ബാല്‍ക്കണിയില്‍ ഫ്ളാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week