30.6 C
Kottayam
Wednesday, May 8, 2024

ഗൂഗിളിൽ ബിജെപി പരസ്യത്തിന് ചിലവഴിച്ചത് 100 കോടിക്ക് മുകളിൽ; മറ്റ് പാർട്ടികളേക്കാൾ പത്തിരട്ടി

Must read

ന്യൂഡൽഹി: ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങൾ നൽകാൻ ഈ വർഷം മാത്രം ബിജെപി ചെലവാക്കിയത് 100 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ക്യാമ്പയിനുകൾക്കായി ഭീമൻ തുക ചെലവഴിക്കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി ഇതോടെ ബിജെപി മാറി. 101 കോടിയിലധികം രൂപ ബിജെപിയുടെ ഡിജിറ്റൽ ക്യാമ്പയിനുകൾക്കായി ഇതിനകം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്.

2018 മെയ് 31 നും 2024 ഏപ്രിൽ 25 നും ഇടയിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ പരസ്യങ്ങളിലെ ബിജെപിയുടെ വിഹിതം മൊത്തം ചെലവിൻ്റെ 26 ശതമാനമാണ്. അതായത്, ഗൂഗിൾ രാഷ്ട്രീയം എന്ന് തരംതിരിച്ച പരസ്യങ്ങൾക്കായി 2018 മുതൽ ബിജെപി ചെലവഴിച്ചത് 390 കോടി രൂപ..

ഗൂഗിൾ ‘രാഷ്ട്രീയ പരസ്യം’ എന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ മൊത്തം 217,992 ഉള്ളടക്കങ്ങളാണുള്ളത് (73% ഷെയർ). ഇതിൽ 161,000ലധികവും ഈ കാലയളവിൽ ബിജെപി പ്രസിദ്ധീകരിച്ചതാണ്. പാർട്ടിയുടെ പരസ്യങ്ങളിൽ ഭൂരിഭാഗവും കർണാടകയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ട് പറയുന്നു.

ഇതിന് മാത്രമായി ഏകദേശം 10.8 കോടി രൂപയാണ് ചെലവഴിച്ചിരുന്നത്. ഉത്തർപ്രദേശിനായി 10.3 കോടി രൂപ, രാജസ്ഥാൻ 8.5 കോടി രൂപ, ഡൽഹി 7.6 കോടി രൂപ എന്നിങ്ങനെയാണ് പരസ്യച്ചെലവ്. ഗൂഗിളിലെ രാഷ്ട്രീയ പരസ്യങ്ങളുടെ മറ്റൊരു പ്രധാന ലക്ഷ്യം തമിഴ്‌നാടായിരുന്നു. തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നൽകാൻ ഗൂഗിളിന് മാത്രം ബിജെപി ഈ വർഷം നൽകിയത് 39 കോടി രൂപയാണ്. ഗൂഗിളിന്റെ പരസ്യ സുതാര്യതാ കേന്ദ്രത്തിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജനുവരി 1 മുതൽ ഏപ്രിൽ 11 വരെ ഗൂഗിൾ വഴി 80,667 രാഷ്ട്രീയ പരസ്യങ്ങളാണ് ബിജെപി നൽകിയത്. ഇതിനായി 39,41,78,750 രൂപയാണ് ഗൂഗിളിന് നൽകിയത്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിൽ നൽകിയ പരസ്യത്തിന് മെറ്റക്ക് നൽകിയ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ഓൺലൈൻ പ്രചാരണത്തിന് നൽകിയ തുക ഇരട്ടിയാകും.

ഗൂഗിൾ പരസ്യങ്ങൾക്കായി കോൺഗ്രസ് ചെലവഴിച്ചത് 45 കോടിയാണ്. 2018 മുതൽ ആകെ പ്രസിദ്ധീകരിച്ചത് 5,992 ഓൺലൈൻ പരസ്യങ്ങൾ മാത്രം. ബിജെപിയുടെ പരസ്യങ്ങളുടെ 3.7 ശതമാനം മാത്രമാണിത്. കോൺഗ്രസിന്റെ ഓൺലൈൻ ക്യാമ്പയിനുകൾ പ്രധാനമായും കർണാടക, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ, ഗൂഗിൾ പ്ലാറ്റ്‌ഫോമുകളിലെ ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ വലിയ രാഷ്ട്രീയ പരസ്യദാതാവാണ്. 2018 മെയ് മുതൽ 42 കോടി രൂപയാണ് ഡിഎംകെ ചെലവഴിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week