കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ട്രഷററും കുടുംബവും അറസ്റ്റില്‍

പത്തനംതിട്ട : നിക്ഷേപകരില്‍ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതികളില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സ്, നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്നിവയുടെ ഉടമ എന്‍.എം.രാജുവും കുടുംബവും അറസ്റ്റില്‍. കേരള കോണ്‍ഗ്രസ് (മാണി) സംസ്ഥാന ട്രഷററാണ് എന്‍.എം.രാജു. ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരെയും തിരുവല്ല പൊലീസ് അറസ്റ്റുചെയ്തു.

നൂറു കണക്കിന് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ട് തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തിരുവല്ല സ്റ്റേഷനില്‍ പത്തും പുളിക്കീഴ് സ്റ്റേഷനില്‍ മൂന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്ന് നെടുമ്പറമ്പില്‍ ഫിനാന്‍സ്, നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്നിങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പണം സ്വീകരിച്ചത്. ഈ പണം റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റയില്‍സ് മേഖലകളില്‍ മുടക്കുകയായിരുന്നു.


നിക്ഷേപിച്ച പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു നിക്ഷേപകനും രണ്ട് മക്കളും കഴിഞ്ഞദിവസം രാജുവിനെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ചിരുന്നു. രാജുവിന്റെ സഹോദരീ പുത്രനായ സാം ജോണ്‍ നല്‍കിയ ഈ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News