ന്യൂഡൽഹി: മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി. മദ്ധ്യപ്രദേശിൽ 230, രാജസ്ഥാനിൽ 199, ഛത്തീസ്ഗഢിൽ 90, തെലങ്കാന 119 സീറ്റുകളിലേക്കാണ് പോളിംഗ് നടന്നത്.ക്രിസ്ത്യൻ ഭൂരിപക്ഷത്തിന്റെ ആവശ്യം മാനിച്ച് മിസോറാമിലെ വോട്ടെണ്ണൽ നാളത്തേക്ക് മാറ്റി.ആദ്യ ലീഡ് നില പുറത്തുവരുമ്പോൾ പ്രധാന കക്ഷികളായ ബി ജെ പിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്.
നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള സുപ്രധാന പിടിവള്ളിയായിരുന്നു കോൺഗ്രസിന് അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്. എന്നാൽ ബി ജെ പിക്കാകട്ടെ നില കൂടുതൽ മെച്ചപ്പെട്ടതാക്കാനുള്ള അവസരവും. എന്നാൽ ഇരുപാർട്ടികൾക്കും ആശ്വാസവും ആശങ്കയും ഒരുപോലെ നൽകുന്നതാണ് കഴിഞ്ഞ ദിവസം വന്ന എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് അധികാരത്തുടർച്ച തേടുമ്പോൾ ബി ജെ പി ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. മദ്ധ്യപ്രദേശിലാകട്ടെ ബി ജെ പി അധികാരത്തുടർച്ച തേടുമ്പോൾ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലും.
തെലങ്കാനയിൽ ബി ആർ എസിനെ പുറത്താക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസ്. സർക്കാർ രൂപീകരണത്തിന് സ്വീകരിക്കേണ്ട തന്ത്രങ്ങൾ വരെ പാർട്ടി ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ അധികാരം നിലനിർത്തുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറയുന്നത്. വലിയ മുന്നേറ്റം തെലങ്കാനയിൽ ഉണ്ടാകുമെന്നാണ് ബി ജെ പിയുടെയും പ്രതീക്ഷ.
തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണ് ഏക്സിറ്റ് പോളുകൾ മൂൻതൂക്കം നൽകുന്നത്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബി ജെ പിക്കും മുൻതൂക്കം നൽകുന്നു. എന്നാൽ ഈ നാല് സംസ്ഥാനങ്ങളിലും പോരാട്ടം കടുക്കുമെന്നാണ് വ്യക്തമാകുന്നത്. ഇഞ്ചോടിഞ്ച് പോടാട്ടം നടക്കുന്നതിനാൽ അധികാരം ആരുപിടിക്കുമെന്ന വ്യക്തമായ സൂചനങ്ങൾ കിട്ടാൻ വോട്ടെണ്ണലിന്റെ അവസാനം വരെ കാത്തിരിക്കേണ്ടിവന്നേക്കും എന്നാണ് കരുതുന്നത്.