മേഘമല (തമിഴ്‌നാട്): ചിന്നക്കനാലില്‍നിന്ന് മാറ്റിയതിനു ശേഷമുള്ള അരിക്കൊമ്പന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മേഘമല പ്രദേശത്ത് വിഹരിക്കുന്ന അരിക്കൊമ്പനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അവിടെനിന്ന് വെള്ളം കുടിച്ചശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന വാര്‍ത്ത തമിഴ്‌നാട്ടിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ത്തതിന്റെ വിവരണങ്ങളും ഫോട്ടോയും പത്രത്തിലുണ്ട്. തോട്ടം തൊഴിലാളിയുടെ വീടിന്റെ വാതില്‍ തകര്‍ത്തതായാണ് വാര്‍ത്ത. അരിക്കൊമ്പനെ ഈ മേഖലയില്‍ കാണുന്നതിനിടെ തന്നെയാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്. മേഘമല ഭാഗത്ത് കഴിഞ്ഞ ദിവസം അരിക്കൊമ്പനെ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
മേഘമലയ്ക്കു താഴെ ലയം പോലെയുള്ള ഒരു കോളനിയാണ്. നിരവധി പേര്‍ അവിടെ താമസിക്കുന്നുണ്ട്. രാത്രിയില്‍ അവിടെ ഒരു ആന നാശം വിതച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് അരിക്കൊമ്പനാണോ എന്നതില്‍ സ്ഥിരീകരണമില്ല. തമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പനെ കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ട്. റേഡിയോ കോളറില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കേരളവും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
ആനയെ തമിഴ്‌നാട് അതിര്‍ത്തിക്കടുത്ത് കൊണ്ടുവിട്ടതിനെതിരേ നേരത്തേതന്നെ തമിഴ്‌നാട് എതിര്‍പ്പുന്നയിച്ചിരുന്നു. റേഡിയോ കോളര്‍ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ അരിക്കൊമ്പന്‍ കേരളാ ഭാഗത്തേക്ക് തന്നെ വന്നിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ തമിഴ്‌നാട് മേഖലയിലേക്കു പോയ ശേഷമാണ് തിരികെ വന്നത്. ഇന്നലെ രാത്രിയോടെ തമിഴ്‌നാട് മേഖലയില്‍നിന്ന് കേരളത്തിലേക്ക് കടക്കുകയായിരുന്നു. നാലുദിവസം കൊണ്ട് 40 കിലോമീറ്ററാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്.