കോവിഡ്: ഡോണൾഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി
വാഷിങ്ടൺ: കോവിഡ് ബാധിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മെരിലൻഡിലുള്ള വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെ ഓഫീസിൽ ഇരുന്നാണ് ട്രംപ് ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നത്.
74 കാരനായ ഡോണാൾഡ് ട്രംപ് പരീക്ഷാണത്മകമായ ആന്റിബോഡി ചികിത്സയ്ക്കു വിധേയനായിരുന്നു. ഇതിനു ശേഷം കോവിഡ് ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെലാനിയ ഔദ്യോഗിക വസതിയിൽ തന്നെ തുടരുകയാണ്.
നേരത്തെ ട്രംപിന്റെ ഉപദേശക ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ട്രംപും ഭാര്യ മെലാനിയ ട്രംപും ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. ഹോപ് ഹിക്ക്സ് പ്രസിഡന്റുമായി നിരന്തര സമ്പര്‍ക്കത്തില്‍ വരുന്ന കൗണ്‍സിലറാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ട്രംപിനൊപ്പം സജീവമായിരുന്നു ഹോപ് ഹിക്ക്സ്. ബുധനാഴ്ച മിനസോട്ടയില്‍ നടന്ന റാലിയിലും ചൊവ്വാഴ്ച നടന്ന സംവാദത്തിലും ഹോപ് ഹിക്ക്സ് പങ്കെടുത്തിരുന്നു. ഇതിന് മുന്‍പും വൈറ്റ് ഹൗസിലെ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന നിരവധിപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.