അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത പതിനഞ്ചുകാരനായ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിക്കും സീനിയര്‍ ടീമിലേക്ക് വിളി വന്നേക്കും.

ബി.സി.സി.ഐ. അപെക്‌സ് കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ യോഗം ഇന്ന് ചേര്‍ന്നിരുന്നു. യോഗത്തില്‍ പുതിയ ക്യാപ്റ്റനെക്കുറിച്ചുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുകയും ശ്രേയസ് അയ്യരെ നായകനാക്കുന്ന കാര്യത്തില്‍ ഏകദേശ സമവായത്തില്‍ എത്തുകയും ചെയ്തതായാണ് സൂചന. 2028-ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സും അടുത്ത ട്വന്റി-20 ലോകകപ്പും ലക്ഷ്യമിട്ട് ടീമിനെ അടിമുടി അഴിച്ചുപണിയാനാണ് ബി.സി.സി.ഐ.യുടെ നീക്കം. ഐ.പി.എല്ലില്‍ മിന്നും ഫോമില്‍ കളിച്ച യുവതാരങ്ങള്‍ക്ക് ടീമില്‍ കൂടുതല്‍ അവസരം ലഭിച്ചേക്കും.

അതേസമയം, അടുത്തിടെ ഫോം ഔട്ടായ മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്ന് ഒഴുവാക്കിയേക്കുമെന്നാണ് വിവരം. സൂര്യകുമാറിന്റെ നായകത്വത്തില്‍ ഇന്ത്യ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയെങ്കിലും, ബാറ്റിംഗിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. ക്യാപ്റ്റന്‍സിയുടെ അടിസ്ഥാനത്തില്‍ മാത്രം സൂര്യയെ ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ.

മലയാളി താരം സഞ്ജു സാംസണെ നായകനാക്കാന്‍ പുതിയ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് താല്പര്യമുണ്ടായിരുന്നെങ്കിലും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇതിനോട് യോജിച്ചില്ല. സഞ്ജുവിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മ ചൂണ്ടിക്കാണിച്ച സെലക്ഷന്‍ കമ്മിറ്റി, ദീര്‍ഘകാലത്തേക്ക് നായകസ്ഥാനം ഏല്‍പ്പിക്കാന്‍ സഞ്ജുവിനെ പരിഗണിക്കാറായിട്ടില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെയാണ് ശ്രേയസ് അയ്യര്‍ക്ക് നായകസ്ഥാനത്തേക്ക് വഴി തെളിഞ്ഞത്.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ്, താന്‍ നായകനായ ടീമുകളെയെല്ലാം ഫൈനലില്‍ എത്തിച്ചിട്ടുണ്ട്. ഐ.പി.എല്‍. 2025 സീസണില്‍ പഞ്ചാബ് കിങ്സിനെ ഫൈനലിലെത്തിച്ച ശ്രേയസ്, 2026 സീസണിലും മികച്ച ഫോമിലായിരുന്നു. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 168.81 സ്‌ട്രൈക്ക് റേറ്റില്‍ 498 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

സൂര്യകുമാര്‍ യാദവിന് പകരം നാലാം നമ്പറിലേക്ക് മികച്ചൊരു ബാറ്ററെയും ഒപ്പം ഒരു നായകനെയും ആവശ്യമുള്ള സാഹചര്യത്തില്‍ ശ്രേയസ് അയ്യര്‍ തന്നെയാണ് ഏറ്റവും യോഗ്യനെന്ന് ബി.സി.സി.ഐ. വിലയിരുത്തുന്നു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടത്തിലേക്ക് നയിച്ച രജത് പഠിദാര്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരുടെ പേരുകള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും അന്തിമ നറുക്ക് ശ്രേയസിന് തന്നെ വീഴാനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News