തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാര്‍ട്ടി അവഗണിക്കുന്നുവെന്ന വിനോദിനിയുടെ പരസ്യ പ്രസ്താവന സി.പി.എമ്മിനുള്ളില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഇ.പി. ജയരാജന്റെ പ്രതികരണം.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതിവ് ശൈലിയില്‍ ഒഴിഞ്ഞുമാറാനും എന്നാല്‍ അതോടൊപ്പം തന്നെ പാര്‍ട്ടി നേതൃത്വത്തിന് നേരെ വിരല്‍ ചൂണ്ടാനുമാണ് ഇ.പി. ജയരാജന്‍ ശ്രമിച്ചത്. ‘എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്? ഞാന്‍ ആരെയും അവഗണിക്കാറില്ല. ഇതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ്?’ എന്നായിരുന്നു ഇ.പി. ജയരാജന്റെ വാക്കുകള്‍.
താന്‍ ആരെയും അവഗണിക്കാറില്ലെന്ന് വ്യക്തമാക്കിയതിലൂടെ, വിനോദിനിയുടെ ആരോപണം തന്നെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും പാര്‍ട്ടിയിലെ നിലവിലെ ഔദ്യോഗിക നേതൃത്വത്തിന് നേരെയാണ് വിമര്‍ശനത്തിന്റെ കുന്തമുനയെന്നും ഇ.പി. ജയരാജന്‍ പറയാതെ പറഞ്ഞു വെക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത എം.വി. ഗോവിന്ദനെ പ്രതിക്കൂട്ടിലാക്കുന്നതാണ് വിനോദിനിയുടെ തുറന്നുപറച്ചില്‍. കോടിയേരിക്ക് ശേഷം കണ്ണൂരില്‍ നിന്നും പാര്‍ട്ടി തലപ്പത്തേക്ക് എത്തിയ ഗോവിന്ദന്‍, കോടിയേരിയുടെ കുടുംബത്തെ ബോധപൂര്‍വ്വം പാര്‍ട്ടി പരിപാടികളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു എന്ന ആക്ഷേപം വിനോദിനിയുടെ വാക്കുകളില്‍ വ്യക്തമായിരുന്നു.
നേരത്തെയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് പരാജയങ്ങളും ഉയര്‍ന്നപ്പോള്‍ എം.വി. ഗോവിന്ദന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അതൃപ്തി പുകഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയെ വൈകാരികമായി സ്വാധീനിക്കാന്‍ ശേഷിയുള്ള കോടിയേരിയുടെ കുടുംബത്തില്‍ നിന്ന് തന്നെ പരസ്യമായ അതൃപ്തി പുകഞ്ഞു പുറത്തു ചാടുന്നത്.
സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നായിരുന്നു വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനം. തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ല. ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ‘പ്രവര്‍ത്തകരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതുമാറിയോ? പ്രധാനപ്പെട്ട ഒരുകാര്യം പറയാന്‍ വേണ്ടി-ശുപാര്‍ശയ്ക്കൊന്നുമല്ല-പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല.
വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലുവര്‍ഷത്തിനിടയില്‍ എനിക്കുണ്ടായ അനുഭവം ആണ് ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്’, ‘പച്ചക്കുതിര’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ആ നേതാവ് പിണറായി വിജയന്‍ അല്ലെന്നും അദ്ദേഹം വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും അപ്പോള്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണെന്നും വിനോദിനി വിശദീകരിച്ചു. താന്‍ ഉദ്ദേശിച്ചത് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണ്. കോടിയേരിയുടെ മരണത്തിന് ശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനപ്പുറം അദ്ദേഹം ഒരിക്കലും തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ഇ ഇക്കാലത്തിനിടയില്‍ വല്ലപ്പോഴും താന്‍ അങ്ങോട്ട് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇത് എം വി ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് എന്നാണ് കണക്കുകൂട്ടല്‍.
വിനോദിനിയുടെ ആരോപണവും തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും ഉയരുന്ന കടുത്ത വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ എം.വി. ഗോവിന്ദന്റെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിന് തന്നെ ഭീഷണിയാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്നത്. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ ഈ വിഷയം ഔദ്യോഗിക നേതൃത്വത്തിനെതിരെയുള്ള വലിയ ആയുധമായി അണികളും വിരുദ്ധ ചേരിയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയേറെയാണ്.
കോടിയേരി ബാലകൃഷ്ണനെപ്പോലെ എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോയ ഒരു ജനകീയ നേതാവിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ നിലവിലെ നേതൃത്വത്തിന് സാധിച്ചില്ലെന്ന വികാരം താഴെത്തട്ടിലുള്ള അണികളില്‍ ശക്തമായാല്‍ അത് എം.വി. ഗോവിന്ദന്റെ സെക്രട്ടറി സ്ഥാനത്തെ തുടര്‍ച്ചയെ ബാധിച്ചേക്കും. വരും ദിവസങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും ഈ വിഷയം കടുത്ത ആഭ്യന്തര ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.

