KeralaNews

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മതില്‍ ജെ.സി.ബി കൊണ്ട് പൊളിച്ചു

തിരുവല്ല: തിരുവല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വകാര്യ വസ്തുവില്‍ കയ്യേറ്റ ശ്രമം. തടയാന്‍ ശ്രമിച്ച ഉടമയ്ക്ക് വെട്ടേറ്റു. കമ്പിവടികൊണ്ട് അടിയുമേറ്റു. രമണന്‍ (71) എന്നയാളാണ് സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. രമണന്റെ മകനും ഗര്‍ഭിണിയായ മരുമകള്‍ക്കും മര്‍ദ്ദനമേറ്റു.

ഞായറാഴ്ച അര്‍ദ്ധരാത്രി 11.30 ഓടെയായിരുന്നു സംഭവം. രമണന്റെ വസ്തുവിലെ മതില്‍ പൊളിച്ച സി.പി.എം പ്രവര്‍ത്തകര്‍ ഭൂമിയിലുള്ള മരങ്ങളും വെട്ടിമുറിച്ചു. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്ന് വീട്ടുകാര്‍ പറയുന്നു. തങ്ങളുടെ വീട്ടില്‍ നിന്നും അഞ്ചു വീട് അകലെയുള്ള ഒരു വീട്ടിലേക്ക് വഴി ചോദിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമോ മറ്റും ഉണ്ടായിരുന്നില്ല. അയല്‍വീട്ടില്‍ നാളെ വിവാഹം ഉണ്ടായിരുന്നു.

രാത്രിയോടെ തങ്ങളുടെ വീടിനു മുന്നില്‍ ഒരു അജ്ഞാത വാഹനം വന്നിരുന്നു. അയല്‍വീട്ടില്‍ വന്നതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. കാറില്‍ മാരകായുധങ്ങള്‍ കണ്ടതോടെ വിവാഹ വീട്ടില്‍ മോഷണത്തിന് എത്തിയതാണെന്ന് കരുതി അവരെയും അയല്‍വാസിയായ പോലീസുകാരനേയും വിവരം അറിയിച്ചു. അയല്‍വാസികള്‍ തിരിക്കിയപ്പോള്‍ വഴിതര്‍ക്കം ഉള്ള വീട്ടില്‍ വന്നതാണെന്ന് അറിയിച്ചു.

തങ്ങള്‍ ഉറങ്ങാന്‍ കിടന്നശേഷമാണ് ജെ.സി.ബി അടക്കമുള്ള വാഹനങ്ങളുമായി ഒരു സംഘം എത്തി മതില്‍ പൊളിച്ചത്. ഈ സമയം പ്രദേശത്തേക്കുള്ള വൈദ്യൂതി ബന്ധവും വിച്ഛേദിച്ചിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ മതില്‍പൊളിക്കുന്നതാണ് കണ്ടത്. നിരവധി വാഹനങ്ങളും വന്നിരുന്നു. ഗേറ്റ് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. ബഹളം വച്ചപ്പോള്‍ വീട്ടിലേക്ക് നാടന്‍ ബോംബെന്ന് തോന്നിക്കുന്ന വസ്തു എറിഞ്ഞു. അത് പൊട്ടിയാണ് മരുമകള്‍ക്ക് പരിക്കേറ്റത്. പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും സംഘം വഴിവെട്ടിക്കഴിഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

അയല്‍വാസികള്‍ക്ക് മൂന്നടി വീതിയില്‍ വഴി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാലടി സ്ഥലം നല്‍കിയിട്ടാണ് മതില്‍ പണിതതെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ വഴിക്ക് വീതി കൂട്ടി നല്‍കണമെന്ന് പറഞ്ഞ് വീണ്ടും തര്‍ക്കമുന്നയിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

തനിക്ക് ഈ വിവരത്തെ കുറിച്ച് അറിവില്ലെന്നും പോലീസ് എത്തിയ ശേഷമാണ് സ്ഥലത്ത് എത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു പറയുന്നു. തനിക്ക് പരിചയമില്ലാത്ത ആളുകളാണ് അവിടെ വന്നിരിക്കുന്നത്. പ്രശ്നമുണ്ടെന്ന് പറഞ്ഞിട്ടാണ് താന്‍ ചെന്നതെന്നും സഞ്ജു പറയുന്നു.

എന്നാല്‍ തുടക്കം മുതല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വീട്ടുടമയുടെ മകന്‍ പറയുന്നു. തിരിച്ചറിയാവുന്ന മൂന്നു പേര്‍ സി.പി.എം പ്രവര്‍ത്തകരാണ്. സ്ഥലത്തുനിന്ന് ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്. മാരകായുധങ്ങളുമായി എത്തിയ 25 ഓളം പേരാണ് ആക്രമിച്ചതെന്നും മകന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker