മൂന്ന് വര്‍ഷമായി കോമയിൽ, തായ്ലന്‍ഡ് രാജകുമാരി അന്തരിച്ചു; ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കാന്‍ തായ്‌ലന്‍ഡ്

മൂന്ന് വര്‍ഷത്തിലേറെയായി കോമയിലായിരുന്ന തായ്ലന്‍ഡ് രാജകുമാരി അന്തരിച്ചു; ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കാന്‍ തായ്‌ലന്‍ഡ്

ബാങ്കോക്ക്: മൂന്ന് വര്‍ഷത്തിലധികമായി അബോധാവസ്ഥയില്‍ (കോമ) തുടര്‍ന്നിരുന്ന തായ്ലന്‍ഡ് രാജകുമാരി ബജ്രകിതിയാഭ അന്തരിച്ചു. മഹാ വജ്രാലങ്കോണ്‍ രാജാവിന്റെ ഏഴ് മക്കളില്‍ മൂത്തയാളായ രാജകുമാരിക്ക് 47 വയസ്സായിരുന്നു. ബാങ്കോക്കിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യമെന്ന് കൊട്ടാരം വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

രാജകുമാരിയുടെ നിര്യാണത്തെത്തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുമെന്നാണ് കൊട്ടാരത്തില്‍ നിന്നുള്ള സൂചനകള്‍. 2022 ഡിസംബറിലാണ് തായ്ലന്‍ഡിനെ നടുക്കിയ സംഭവം ഉണ്ടാകുന്നത്. വടക്കുകിഴക്കന്‍ പ്രവിശ്യയായ നഖോണ്‍ രാച്ചസിമ സന്ദര്‍ശിക്കുന്നതിനിടയില്‍ രാജകുമാരിക്ക് പെട്ടെന്ന് കടുത്ത ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കുന്നതിനായി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം അടിയന്തിരമായി തലസ്ഥാനമായ ബാങ്കോക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്രിമ ജീവന്‍രക്ഷാ ഉപാധികളുടെ സഹായത്തോടെയായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തായ്ലന്‍ഡിലെ നിയമവിദഗ്ദ്ധ കൂടിയായ രാജകുമാരി ഐക്യരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News