വെടിക്കെട്ട് ബാറ്റിംഗ്, മിന്നല്‍ സ്റ്റംപിംഗുകളും; സഞ്ജുവിന്റെ വഴിയെ മാനവ് കൃഷ്ണയും; ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് മലയാളി കൗമാരതാരം

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ തുടര്‍ സെഞ്ചുറികള്‍;  വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് ഒപ്പം മിന്നല്‍ സ്റ്റംപിംഗുകളും; സഞ്ജുവിന്റെ വഴിയെ മാനവ് കൃഷ്ണയും;  ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് മലയാളി കൗമാരതാരം

തിരുവനന്തപുരം: കേരള ക്രിക്കറ്റിന് വീണ്ടുമൊരു അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട് യുവ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനും കേരള അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റനുമായ മാനവ് കൃഷ്ണ ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടെസ്റ്റ് (ചതുര്‍ദിന മത്സരം) ടീമിലാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ ഈ യുവപ്രതിഭ ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കാഴ്ചവെച്ച തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവും വിക്കറ്റിന് പിന്നിലെ മിന്നല്‍ സ്റ്റംപിംഗുകളുമാണ് മാനവിനെ ദേശീയ ജേഴ്‌സിയിലേക്ക് നയിച്ചത്.

കഴിഞ്ഞ അണ്ടര്‍-19 ക്രിക്കറ്റ് സീസണില്‍ മാത്രം അവിസ്മരണീയമായ പ്രകടനത്തോടെ 592 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ബിസിസിഐയുടെ പ്രശസ്തമായ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടി മാനവ് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ 189 റണ്‍സും ഹൈദരാബാദിനെതിരെ 144 റണ്‍സുമാണ് താരം അടിച്ചുകൂട്ടിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വെച്ച് തന്റെ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, പതിമൂന്നാം വയസ്സിലാണ് കേരളത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് അസാധ്യ കായികക്ഷമതയും മികച്ച നേതൃപാടവവും തെളിയിച്ച ഈ യുവതാരം കേരളത്തിന്റെ അണ്ടര്‍-16, അണ്ടര്‍-19 ടീമുകളുടെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്.

യുവതലമുറയിലെ ഏറ്റവും വാഗ്ദാനമുള്ള താരമായ മാനവ്, 2025-ലെ കേരള ക്രിക്കറ്റ് ലീഗ് (KCL) ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില്‍ ഒരാളായിരുന്നു. ഇതിനുപിന്നാലെ 2026 ജനുവരിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും താരം തന്റെ അരങ്ങേറ്റം കുറിച്ചു. അടുത്തിടെ ഒമാന്‍ സന്ദര്‍ശിച്ച മുന്‍നിര കേരള ടീമിലും മാനവ് ഇടംപിടിച്ചിരുന്നു. ആഭ്യന്തര തലത്തിലെ മികച്ച പ്രകടനത്തിന് എന്‍എസ്‌കെ ട്രോഫിയിലെ 'പ്രോമിസിങ് യങ്സ്റ്റര്‍' (Promising Youngster) പുരസ്‌കാരം സ്വന്തമാക്കിയ മാനവ്, ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ക്യാമ്പിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചായ എസ്.എസ്. ഷൈന്‍ ആണ് മാനവിനെ പരിശീലിപ്പിക്കുന്നത്. ഉണ്ണികൃഷ്ണന്‍-അനിത ദമ്പതികളുടെ മകനായ മാനവിന്റെ സഹോദരന്‍ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടര്‍-19 ക്രിക്കറ്റ് ടീമിലെ സജീവ അംഗമാണ്. ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ നിന്നും ഒരു യുവതാരം ഇന്ത്യന്‍ അണ്ടര്‍-19 ടീമിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് കായികപ്രേമികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News