FeaturedHome-bannerKeralaNewsNews

രണ്ട് കാറുകളില്‍ കാസര്‍കോട്ട് നിന്ന് ബത്തേരിയില്‍ എത്തിച്ചത് ഒന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം,അന്വേഷണം ഉന്നതങ്ങളിലേക്ക്, എ.എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി:സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

രണ്ടു ജില്ലാ നേതാക്കൾ രണ്ടുകാറുകളിലായിട്ടാണ് യാത്ര നടത്തിയത്. പ്രചാരണത്തിന് ഉപയോഗിച്ച വാഹനം തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. കാസർകോട് ബിജെപി ഓഫീസിലെത്തിയ ഇവർ അവിടെ നിന്ന് 50 ലക്ഷം രൂപയുമായി മടങ്ങി എന്നാണ് വിവരം. തുടർന്ന് കൊടകര മോഡലിൽ ബാക്കി പണം എത്തിച്ചു. ഇതിൽ 25 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാർഥിക്ക് കൈമാറി. ബാക്കി പണം ചെലവഴിച്ചത് ബിജെപി തന്നെയാണ്. എന്നാൽ പണം ചെലവഴിക്കുന്നതിൽ ഒന്നോ രണ്ടോ നേതാക്കൾക്ക് മാത്രമാണ് ചുമതല നൽകിയിരുന്നത്.

അതേസമയം കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയുടെ മധ്യമേഖലാ സംഘടനാ സെക്രട്ടറിയായ എ.എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പണം ആലപ്പുഴ ജില്ലയിലേക്ക് വേണ്ടിയാണെന്ന ധർമരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം തുടങ്ങി നാലുജില്ലകളിലെ തിരഞ്ഞെടുപ്പ് ജോലിയാണ് പത്മകുമാറിന് ഉണ്ടായിരുന്നത്. ആലപ്പുഴ സ്വദേശിയാണ് പത്മകുമാർ. നേരത്തേ ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി.കർത്തയെ ചോദ്യം ചെയ്തിരുന്നു. പണം കർത്തയ്ക്ക് കൈമാറാനാണ് തനിക്ക് ലഭിച്ച നിർദേശമെന്ന ധർമരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇതടക്കമുളള കാര്യങ്ങളും മേഖലാ സംഘടനാസെക്രട്ടറിയോട് ചോദിച്ച് അറിയും.

കവർച്ചാപണം കണ്ടെത്തുന്നതിനായി കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ക്യാമ്പ് ചെയ്തിരുന്ന പോലീസ് സംഘം ഇന്ന് തിരികെയെത്തും. പ്രതികളുടെ ബന്ധുക്കൾ സുഹൃത്തുക്കൾ തുടങ്ങി പോലീസ് തയ്യാറാക്കിയവരുടെ പട്ടികയിലുളളവരോട് തൃശ്ശൂർ പോലീസ് ക്ലബിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.

കേസിലെ പ്രധാന പ്രതികളായ മാർട്ടിൻ, രഞ്ജിത് എന്നിവർക്കെതിരേ ആളൂർ പോലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കെ.എസ്.എഫ്.ഇയിൽ നിന്ന് ലോണെടുത്ത് നൽകാം എന്ന് വിശ്വസിപ്പിച്ച് അവിട്ടത്തൂർ സ്വദേശിനിയിൽ നിന്ന് ഭർത്താവിന്റെ പേരിലുളള 38 സെന്റ് ആധാരവും പലപ്പോഴായി 80,000 രൂപയും വാങ്ങിയെടുത്ത് വഞ്ചിച്ചതിനാണ് കേസ്. രഞ്ജിത്തിനെതിരേ തൃശ്ശൂർ മാള പോലീസ് സ്റ്റേഷനിൽ വഞ്ചനാകേസ് നിലവിലുണ്ട്. പ്രതികൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker