രവി പൂജാരിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും
കൊച്ചി:ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. സുരക്ഷ കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ രാത്രി 9മണിയോടെ ബെംഗളൂരു – കൊച്ചി വിമാനത്തിലാണ് രവി പൂജാരിയെ കൊണ്ടുവന്നത്. തുടര്‍ന്ന് നെടുമ്പാശ്ശേരി പൊലിസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി.
2018 ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പുണ്ടായത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം രവി പൂജാരി സ്വയം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് സെനഗളില്‍ നിന്നുമാണ് രവി പൂജാരി അറസ്റ്റിലായത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് പൂജാരിയെ വന്‍ സുരക്ഷാ സന്നാഹത്തോടെ ബംഗളൂരു വിമാനത്താവളത്തിലെത്തിച്ചു. ഇവിടെനിന്ന് രാത്രിയോടെയാണ് വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചത്.