ഇസ്രായേലില്‍ നെതന്യാഹു പുറത്തേക്ക്;ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം ധാരണയിലെത്തി
ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ യുഗത്തിന് വിരാമമാകുന്നുവെന്ന് റിപ്പോർട്ട്. പ്രതിപക്ഷ പാർട്ടികൾ ചേർന്ന് പുതിയ സർക്കാർ രൂപീകരണത്തിന് ധാരണയിലെത്തി. പ്രതിപക്ഷ നേതാവും യെഷ് ആറ്റിഡ് പാർട്ടി നേതാവുമായ യെയിർ ലാപിഡ് എട്ട് പാർട്ടുകളുടെ സഖ്യം രൂപീകരിച്ചതായി പ്രഖ്യാപിച്ചു.
വലതുപക്ഷ നേതാവും യാമിന പാർട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിർ ലാപിഡും രണ്ടു വർഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ടു വർഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. തുടർന്ന് അവാസന രണ്ടു വർഷം യെയിർ ലാപിഡും അധികാരത്തിലേറും.
പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി പാർലമെന്റിൽ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. സർക്കാർ രൂപീകരണത്തിനുള്ള സഖ്യം രൂപീകരിച്ചതായി പ്രസിഡന്റ് റൂവെൻ റിവ്ലിനെ ഔദ്യോഗികമായി അറിയിച്ചതായി ലാപിഡ് പ്രസ്താവനയിൽ പറഞ്ഞു.
‘ഈ സർക്കാർ ഇസ്രായേലി പൗർന്മാരുടേയും തങ്ങൾക്ക് വോട്ട് ചെയ്തവരുടേയും അല്ലാത്തവരുടേയും സേവനത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എതിരാളികളെ ബഹുമാനിക്കുന്നതിനോടൊപ്പം ഇസ്രായേലി സമൂഹത്തെ ഒന്നിപ്പിക്കാനും ബന്ധിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യും’ ലാപിഡിന്റെ പ്രസ്താവനയിൽ പറഞ്ഞു.
ലാപിഡ്, നഫ്താലി ബെന്നറ്റ്, അറബ് ഇസ്ലാമിറ്റ് റാം പാർട്ടി നേതാവ് മൻസൂർ അബ്ബാസ് എന്നിവർ പുതിയ സർക്കാരിന്റെ കരാറിൽ ഒപ്പുവെച്ചു. ടെൽ അവീവിനടുത്തുള്ള ഒരു ഹോട്ടലിൽ നടന്ന മാരത്തൺ ചർച്ചകൾക്ക് പിന്നാലെയാണ് സഖ്യരൂപീകരണ പ്രഖ്യാപനം നടന്നത്. സർക്കാർ രീപീകരിക്കുന്നതിന് സഖ്യമുണ്ടാക്കാൻ ലാപിഡിന് പാർലമെന്റ് അനുവദിച്ച 28 ദിവസം തീരുന്ന ബുധനാഴ്ച തന്നെയാണ് പ്രഖ്യാപനം നടത്തിയതും. കഞ്ചാവ് നിയമവിധേയമാക്കുന്നത് മുതൽ അനധികൃത നിർമാണങ്ങൾക്ക് പിഴ, ജുഡീഷ്യൽ സെലക്ഷൻ കമ്മിറ്റി തുടങ്ങിയ വിഷയങ്ങൾ പുതിയ സർക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സഖ്യം രൂപീകരിച്ചെങ്കിലും ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ നടക്കുന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടാനായാൽ മാത്രമേ സർക്കാർ രൂപീകരിക്കാനാകൂ. ഏഴ് മുതൽ 12 ദിവസത്തിനുള്ളിൽ ഈ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ടു വർഷത്തിനിടെ നാല് പാർലമെന്റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലിൽ നടന്നത്. ഇസ്രായേൽ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർന്ന നെതന്യാഹുവിന് മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനായിരുന്നില്ല.
12 വർഷത്തോളമായി ഇസ്രയേൽ പ്രധാനമന്ത്രിയായി തുടരുന്നുണ്ട് നെതന്യാഹു. സർക്കാർ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താൻ നെതന്യാഹുവിന് ആയില്ല.
ലാപിഡിന്റെ യെഷ് ആതിഡ് പാർട്ടിയായിരുന്ന രണ്ടാം സ്ഥാനത്ത്. ഇവർക്ക് രൂപീകരിക്കുന്നതിന് നൽകിയ 28 ദിവസം ജൂൺ രണ്ടോടെയാണ് അവസാനിച്ചത്. ഇതിനിടെയാണ് ലാപിഡ് സർക്കാർ രൂപീകരിക്കുന്നതിനുള്ള സഖ്യം രൂപപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. ഇതിനിടെ പ്രതിപക്ഷ സഖ്യം തകർക്കാനുള്ള നീക്കങ്ങൾ നെതന്യാഹു നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്.
നെതന്യാഹുവിന്റെ ലികുഡ് പാർട്ടി കൂടുതൽ വാഗ്ദ്ധാനങ്ങൾ നൽകി ബെന്നറ്റിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും സജീവമായി നടത്തിയിരുന്നു. എന്നാൽ നെതന്യാഹു നൽകിയ വാഗ്ദ്ധാനങ്ങൾ അദ്ദേഹം നിരസിച്ചു.
ബുധനാഴ്ചയ്ക്കുള്ളിൽ ലാപിഡിനും സർക്കാർ രൂപീകരിക്കാനുള്ള സഖ്യത്തെ പ്രഖ്യാപിക്കാൻ സാധിച്ചില്ലായിരുന്നെങ്കിൽ ഇസ്രയേൽ ഈ വർഷാവസാനത്തോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകുമായിരുന്നു.
ആനുപാതിക പ്രാതിനിധ്യമുള്ള ഇസ്രായേലിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ഒരു കക്ഷിക്ക് സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം നേടിയെടുക്കുക എന്നത് പ്രയാസകരമാണ്. സർക്കാർ രൂപീകരണത്തിന് ചെറുപാർട്ടികളെ ഒപ്പം കൂട്ടൽ ആവശ്യമാണ്.