32.8 C
Kottayam
Friday, April 26, 2024

പ്രണയം തിരിച്ചറിയാം,എഴു ശാസ്ത്രീയ ലക്ഷണങ്ങള്‍

Must read

അവന്റെ നോട്ടത്തില്‍ എന്തോ ഉണ്ടല്ലോ ? എന്നെ കാണുമ്പോള്‍ അവളുടെ മുഖം ചുവന്നുവോ ? പ്രണയം ഒരു സാര്‍വ്വലൗകിക വികാരമാണ്. അതിന് പല ലക്ഷണമുണ്ടാവാം. എത്രയോ കഥകളും കവിതകളും പാട്ടുകളുമാണ് പ്രണയവിവശരായവരെ കുറിച്ച് വന്നിരിക്കുന്നത്. പ്രണയത്തിന്റെ സൂചനകള്‍ എന്തൊക്കെയാണ്

പല നാട്ടിലും പല കാലത്തും പ്രണയത്തിന്റെ ലക്ഷണങ്ങള്‍ മാറാം. പക്ഷെ, ഒരാള്‍ പ്രണയത്തിലാവുമ്പോള്‍ അയാളുടെ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളോ ? ഇക്കാര്യമറിയാന്‍ നിരവധി പഠനങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. അവയിലേക്ക് ഒന്നു എത്തിനോക്കാം.

കൃഷ്ണമണിയും പ്രണയവും

പ്രണയവിവശരാവുമ്പോള്‍ മനുഷ്യരുടെ കൃഷ്ണമണി വികസിക്കാറുണ്ട്. സൗന്ദര്യമുള്ള പുരുഷനോ സ്ത്രീയോ കടന്നു പോവുമ്പോഴും നമുക്കിഷ്ടമുള്ള വസ്തു കാണുമ്പോഴുമെല്ലാം കൃഷ്ണമണി വികസിക്കും. ശരീരത്തിലെ സിമ്പതറ്റിക് നെര്‍വസ് സിസ്റ്റം ഉണരുന്നതാണ് ഇതിന് കാരണമെന്നാണ് ശാസ്ത്രം പറയുന്നത്.

അപകട സമയങ്ങളില്‍ പോരാടണോ ഓടിപ്പോവണമോ എന്നു തീരുമാനിക്കുന്നതും ഈ സിസ്റ്റമാണ് കേട്ടോ. ശരീരം പ്രതിസന്ധി നേരിടുമ്പോള്‍ കൃഷ്ണമണി വികസിക്കാറുണ്ട്. മുന്നില്‍ നടക്കുന്ന സംഭവങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണാനാണിത്. അതായത്, നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളെയോ അപകടങ്ങളെയോ വ്യക്തമായി കാണാന്‍ കൃഷ്ണമണി വികസിക്കുമെന്ന്.

വലിയ കൃഷ്ണമണിയുള്ള സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ ഇഷ്ടമാണെന്ന് പഠനങ്ങള്‍ പറയുന്നു. വിചിത്രമായ ഒരു പരീക്ഷണമാണ് ഇത് തെളിയിച്ചത്. ഒരു സ്ത്രീയുടെ തന്നെ രണ്ടു ചിത്രങ്ങളാണ് ഗവേഷകര്‍ പുരുഷന്‍മാര്‍ക്ക് നല്‍കിയത്. ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് ഒരു ചിത്രത്തിലെ കൃഷ്ണമണിയുടെ വലുപ്പം കൂട്ടി. മറ്റൊന്നില്‍ ചെറുതാക്കുകയും ചെയ്തു. രണ്ടു ചിത്രങ്ങളും തമ്മില്‍ എന്തെങ്കിലും വ്യത്യസ്തമുണ്ടോയെന്ന ചോദ്യവും ഉന്നയിച്ചു

പുരുഷന്‍മാര്‍ക്ക് ഈ വ്യത്യാസം മനസിലായതില്ല. പക്ഷെ, വലിയ കൃഷ്ണമണിയുള്ള സ്ത്രീയുടെ ചിത്രം കൂടുതല്‍ സ്‌ത്രൈണതയുള്ളതാണെന്നും അഴകുള്ളതാണെന്നും മൃദുവാണെന്നും പുരുഷന്‍മാര്‍ അഭിപ്രായപ്പെട്ടു. ചെറിയ കൃഷ്ണമണിയുള്ളവര്‍ നിര്‍വികാരരും പരുക്കരും സ്വാര്‍ത്ഥരാണെന്നും പുരുഷന്‍മാര്‍ ചിന്തിക്കുന്നു. ഈ പഠനത്തിന് ശേഷം നടത്തിയ മറ്റു പഠനങ്ങളും സമാനമായ ഫലമാണ് നല്‍കിയത്.

സ്ത്രീകള്‍ കരുതുന്നത് ?
സ്ത്രീകള്‍ക്കും ഏറെക്കുറെ ഇത്തരം ചിന്തകളാണുള്ളത്. മീഡിയം വലുപ്പത്തിലുള്ള കൃഷ്ണമണിയുള്ളവര്‍ നല്ലവരാണെന്നാണ് സ്ത്രീകള്‍ അഭിപ്രായപ്പെട്ടത്. ബാഡ് ബോയ്‌സിനെ താല്‍പര്യമുള്ള സ്ത്രീകളാണ് വലിയ കൃഷ്ണമണിയുള്ള പുരുഷന്‍മാരെ ഇഷ്ടപ്പെട്ടവര്‍. അണ്ഡവിക്ഷേപണ സമയത്ത് (ഓവുലേഷന്‍) സ്ത്രീകള്‍ക്ക് ലൈംഗിക ആകര്‍ഷണമുണ്ടായാല്‍ കൃഷ്ണമണികള്‍ വ്യത്യസ്തമായാണ് പ്രതികരിക്കുകയെന്ന് മറ്റൊരു പഠനം പറയുന്നു. പ്രത്യുല്‍പ്പാദന ക്ഷമത ഏറ്റവും കൂടിയ സമയമാണല്ലോ ഇത്. ഈ സമയത്ത് കൃഷ്ണമണി അതി തീവ്രമായി വികസിക്കുമത്രെ.

അതെന്താ അങ്ങനെ ?
മനുഷ്യശരീരത്തിലെ ലവ് ഹോര്‍മോണുകളായ ഓക്‌സിടോസിനും ഡോപ്പാമൈനും കൃഷ്ണമണിയെ സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരെങ്കിലുമായി ലൈംഗികമായോ റൊമാന്റിക്കോ ആയ ആകര്‍ഷണമുണ്ടായാല്‍ മസ്തിഷ്‌കം ഈ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കും. ഇവയുടെ പ്രവര്‍ത്തനം കൃഷ്ണമണിയെ വികസിപ്പിക്കും. പ്രത്യുല്‍പ്പാദനം നടത്തണമെന്ന മനുഷ്യരുടെ ആന്തരിക ചോദനക്കും ഇതുമായി ബന്ധമുണ്ട്.

മറ്റു കാരണങ്ങള്‍

കൃഷ്ണമണി വികസിച്ചുവെന്നതു മാത്രം ഒരാള്‍ക്ക് തന്നോട് പ്രണയമുണ്ടെന്നതിന്റെ തെളിവായി കാണരുത്. പ്രണയവും ലൈംഗിക ആകര്‍ഷണവും മാത്രമല്ല, ദേഷ്യവും ഭയവും കൃഷ്ണമണി വികസിക്കാന്‍ കാരണമാവാറുണ്ട്. താഴെ പറയുന്ന കാര്യങ്ങളും കൃഷ്ണമണി വികസിക്കാന്‍ കാരണമാവാറുണ്ട്.

അമിതമായ ലഹരി-മദ്യ ഉപയോഗം.
ഭയം.
വെളിച്ചത്തിലെ വ്യത്യാസം.
കണ്ണിലെ പരുക്ക്.
മസ്തിഷ്‌കത്തിലെ പരുക്ക്.
അപ്പോള്‍, കൃഷ്ണമണിയില്‍ മാത്രം നോക്കുന്നത് കൊണ്ട് കാര്യമല്ല, മറ്റു ശാരീരിക സൂചനകള്‍ കൂടി നമുക്ക് പരിശോധിക്കാം.

കണ്ണും കണ്ണും

നമുക്ക് ഒരാളോടു ആകര്‍ഷണം തോന്നിയാല്‍ അവരെ നോക്കാതിരിക്കാന്‍ കഴിയുമോ ? കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ എന്നാണല്ലോ ജയനും സീമയും പാടിയിരിക്കുന്നത്. ഒരാളെ ദീര്‍ഘസമയം നോക്കുന്നത് നിങ്ങളെ കൂടുതല്‍ വശ്യതയുള്ളവരാക്കുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ ?.

താല്‍പര്യമുള്ള ഒരാളെ നോക്കിക്കൊണ്ടിരിക്കുന്നത് നോക്കുന്നയാളുടെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുമെന്ന് 2016ലെ ഒരു പഠനം പറയുന്നു. കണ്ണും കണ്ണും തമ്മില്‍ കൂടുതല്‍ കഥകള്‍ കൈമാറുന്നത് അടുപ്പവും പ്രണയവും വര്‍ധിപ്പിക്കും. ആഴത്തിലുള്ള പ്രണയത്തില്‍ ഈ കഥ കൈമാറ്റം കൂടുതലായിരിക്കുമെന്നും പഠനം വിശദീകരിക്കുന്നു.

ഇരിക്കലും നില്‍ക്കലും

നിങ്ങളുടെ സാന്നിധ്യത്തില്‍ ഒരാള്‍ ഇരിക്കുന്ന രീതിക്കും നില്‍ക്കുന്ന രീതിക്കും വലിയ പ്രാധാന്യമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിങ്ങളോട് സംസാരിക്കുകയോ പഞ്ചാരയടിക്കുകയോ ചെയ്യുന്നയാള്‍ ചാഞ്ഞും ചാരിയും നില്‍ക്കുന്നത് എന്തോ ഒരു നിഗൂഡതയുണ്ടെന്നതിന്റെ സൂചനയാണ്. സംസാരിക്കുമ്പോള്‍ ശരീരത്തിന്റെ മേല്‍ഭാഗം(upper body) നിങ്ങളുടെ ശരീരത്തിന് സമീപം കൊണ്ടുവരുന്നതും നിങ്ങളിലേക്ക് ആഞ്ഞുവരുന്നതും സൂചനയായി കാണാം.

കസേരയില്‍ ഇരുന്നു സംസാരിക്കുന്നയാള്‍ നിങ്ങളുടെ വശത്തേക്ക് ആയുന്നതും സീറ്റിന്റെ മൂലയിലേക്ക് മാറുന്നതും ഒരു സൂചനയാണ്. അതേസമയം, സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ഥിരമായി പുറകിലേക്ക് ചായുന്നത് നല്ല ഒരു ലക്ഷണമല്ല. നിങ്ങളോട് അയാള്‍ക്ക് അത്തരമൊരു താല്‍പര്യമില്ലാ എന്നതിന്റെ സൂചനയാവാം അത്.

കാലുകള്‍ക്കും പറയാനുണ്ട്

ഒരാള്‍ പോയേക്കാവുന്ന വഴിയറിയാന്‍ അയാളുടെ കാല്‍ നോക്കിയാല്‍ മതിയാവും. അയാളുടെ സഞ്ചാര ദിശയിലേക്കായിരിക്കും കാലുകള്‍ പോയിന്റ് ചെയ്തിരിക്കുക. നിങ്ങളോട് സംസാരിക്കുകയോ പഞ്ചാരയടിക്കുകയോ ചെയ്യുന്നയാളുടെ കാലുകള്‍ നിങ്ങളുടെ ദിശയിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കില്‍ അതില്‍ ഒരു സൂചനയുണ്ട്. ആള്‍ക്കൂട്ടത്തിലാണെങ്കില്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ അയാളുടെ-അവളുടെ കാലുകള്‍ മറ്റാരുടെയെങ്കിലും നേരെയാണെങ്കില്‍ എന്താണ് സൂചന ? അയാള്‍ക്ക് മറ്റാരോടെങ്കിലുമാവാം താല്‍പര്യം. അല്ലെങ്കില്‍ അയാള്‍ മറ്റെവിടെയോ പോവാന്‍ നില്‍ക്കുകയാണ്.

മിററിങ്

മിററിങ് or മിമിക്കിങ് ശരീരഭാഷയില്‍ നിന്നു മനസിലാക്കാവുന്ന മറ്റൊരു ലക്ഷണമാണ്. നമുക്ക് ഇഷ്ടമുള്ളയാളുടെ പ്രവൃത്തികളും ഭാവങ്ങളും മനസറിഞ്ഞോ അറിയാതെയോ അനുകരിക്കുന്നതാണ് മിററിങ്. രണ്ടു വ്യക്തികള്‍ കളങ്കറ്റ രീതിയില്‍ സംസാരിക്കുമ്പോള്‍ രണ്ടു പേരും മറ്റേയാളുടെ പ്രവൃത്തിയും ഭാവവും അനുകരിക്കാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അടുത്ത ബന്ധമുണ്ടാക്കാന്‍ രണ്ടു പേരുടെയും ഉള്ളില്‍ താല്‍പര്യമുണ്ടെന്നാണ് ഇത് സൂചന നല്‍കുന്നത്.

കൈകള്‍ ?

നാം സംസാരിച്ചു കൊണ്ടിരിക്കുന്നയാള്‍ നാം കൈവെച്ച അതേ ദിശയിലേക്ക് തന്നെയാണോ കൈവെച്ചിരിക്കുന്നത് ? ആണെങ്കില്‍ അത് ഒരു ലക്ഷണമാണ്.

സ്പര്‍ശനം

സംസാരത്തിനിടയില്‍ കൈയ്യിലോ കാലിലോ സൂക്ഷമമായി സ്പര്‍ശിക്കുന്നത് ഒരു സൂചനയായി തന്നെ കാണണം. സംസാരത്തിനിടയിലെ ഒരു ഭാവങ്ങളും രീതികളും ശ്രദ്ധിക്കണം. നിങ്ങളെ നോക്കിനില്‍ക്കുമ്പോഴോ സംസാരിക്കുമ്പോഴോ അയാള്‍/അവള്‍ സ്വന്തം കൈകള്‍ കൊണ്ട് മറുകൈയ്യില്‍ സ്പര്ശിക്കുകയോ മുടിയില്‍ വിരലോടിക്കുകയോ ചെയ്യാറുണ്ടോ ? ഉണ്ടെങ്കില്‍ അതും ഒരു സൂചനയാണ്.

ഫ്‌ളഷിങ് or ബ്ലഷിങ്

പ്രണയമോ ആകര്‍ഷണമോ ഉണ്ടായാല്‍ ശരീരത്തില്‍ രക്തയോട്ടം കൂടും. അഡ്രിനാലിന്റെ പ്രവര്‍ത്തനമാണ് ഇതിന് കാരണം. മുഖത്ത് രക്തം ഇരച്ചുകയറുന്നത് മുഖം ചുവന്നു തുടുക്കാന്‍ കാരണമാവും. അഡ്രിനാലിന്‍ അളവ് കൂടുന്നത് കൈപ്പത്തികള്‍ വിയര്‍ക്കാനും കാരണമാവും. ഇതും ഒരു സൂചനയാണ്. അതേസമയം, ദേഷ്യം വന്നാലും സ്‌ട്രെസ് ഉണ്ടായാലും ഇങ്ങനെയുണ്ടാവാമെന്ന കാര്യവും നാം പരിഗണിക്കേണ്ടതുണ്ട്.

കൊറോണ വൈറസിനെ നേരിടാന്‍ നടപ്പാക്കുന്ന ലോക്ക്ഡൗണുകളും സാമൂഹിക അകലം പാലിക്കലും എല്ലാം ലോകത്തെല്ലായിടത്തും പ്രണയത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണല്ലോ. വൈറസിനെ മനുഷ്യന്‍ ഉടന്‍ തോല്‍പ്പിക്കാനാണ് സാധ്യത. ശേഷം പ്രണയത്തിന്റെ ലോകം തിരിച്ചു വരും. അന്ന് നിങ്ങള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കണം. ലക്ഷണങ്ങള്‍ പരിശോധിക്കണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week