33.4 C
Kottayam
Sunday, May 5, 2024

മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം’; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

Must read

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മതത്തിന്‍റെ പേരിൽ പ്രധാനമന്ത്രി വോട്ട് തേടിയെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലിം സമുദായത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുള്ളത്.

അതേസമയം രാജസ്ഥാൻ പ്രസംഗത്തിന്‍റെ പേരിൽ പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ മുസ്ലിങ്ങളെ കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും നുഴഞ്ഞു കയറ്റക്കാർ എന്നും പ്രധാനമന്ത്രി അധിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലും കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരെ കോട്ടയത്ത് നടത്തിയ പ്രസംഗമാണ് രാഹുല്‍ ഗാന്ധിക്കെതിരായ ബി ജെ പിയുടെ പരാതിക്കാധാരം. ഒരു രാജ്യം, ഒരു ഭാഷ പോലുള്ള മോദിയുടെ മുദ്രാവാക്യങ്ങള്‍ രാജ്യത്തെ വിഭജിക്കുമെന്ന രാഹുലിന്‍റെ വാക്കുകള്‍ ചട്ടലംഘനമാണെന്നും, തെക്ക് വടക്ക് വിഭജനമാണ് ഉന്നമിടുന്നതെന്നും ബി ജെ പി പരാതിയിൽ ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെയോ രാഹുല്‍ ഗാന്ധിയുടെയോ പേര് എടുത്ത് പറയാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി അധ്യക്ഷന്മാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ നോട്ടീസിന് അനുബന്ധമായി കോണ്‍ഗ്രസ് മോദിക്കെതിരെ നല്‍കിയ പരാതിയും ബി ജെ പി രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയ പരാതിയും ചേര്‍ത്തിട്ടുണ്ട്. ഇതാദ്യമായാണ് പരാതിക്കാര്‍ക്ക് നോട്ടീസ് നേരിട്ട് നല്‍കാതെ പാര്‍ട്ടി അധ്യക്ഷന്മാരോട് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയായാലും, താരപ്രചരാകരായാലും പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ പാര്‍ട്ടിയായിരിക്കും ഉത്തരവാദിയെന്നും അതുകൊണ്ടാണ് ഖര്‍ഗെക്കും, നദ്ദക്കും നോട്ടീസ് നല്‍കിയതെന്നുമാണ് കമ്മീഷന്‍റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week