മത്സരിച്ച് വില കുറച്ച് മദ്യ കമ്പനികള്‍! വിദേശമദ്യത്തിന് ഈ സംസ്ഥാനങ്ങളില്‍ 40 ശതമാനം വരെ വില കുറഞ്ഞു
ന്യൂഡല്‍ഹി: വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെ കോളടിച്ചത് മദ്യപര്‍ക്ക്. ലാഭം കൊയ്യുന്നതിനായി സ്വകാര്യ ഔട്ലെറ്റുകള്‍ മത്സരിച്ച് വില കുറച്ച് വില്‍പന നടത്തുമ്പോള്‍ പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് ഉള്‍പ്പെടെ 30 മുതല്‍ 40 ശതമാനം വരെയാണ് വിലക്കുറവ്. പുതിയ നയം പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മഹാനഗരങ്ങളില്‍ മദ്യം വളരെ വിലകുറഞ്ഞ് ലഭിക്കുന്ന സ്ഥിതിയാണ്.
മദ്യവില്‍പന സ്വകാര്യവത്കരിക്കുകയാണ് ഡല്‍ഹിയില്‍ ആദ്യം ചെയ്തത്. ഒരു വര്‍ഷത്തെ ഡ്രൈ ഡേകളുടെ എണ്ണം 21ല്‍ നിന്നും വെറും മൂന്നായി കുറച്ചു. മുന്‍പ് ഇഷ്ടാനുസരണം വില കുറയ്ക്കാനുള്ള അനുമതി ഇല്ലാതിരുന്നത് എടുത്ത് കളഞ്ഞതോടെ പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് അടക്കം കമ്പനികള്‍ വില കുത്തനേ കുറച്ചു. 1890 രൂപയാണ് ഷിവാസ് റീഗലിന്റെ വില. 2730 രൂപ വിലയുണ്ടായിരുന്ന ജാക് ഡാനിയല്‍സിന് 1885 രൂപയായി.
മഹാരാഷ്ട്രയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഒപ്പം തന്നെ വാക് ഇന്‍ സ്റ്റോറുകളിലും വൈന്‍ വില്‍പ്പന അനുവദിച്ചതോടെ ഉപഭോക്താക്കളുടെ നീണ്ട ക്യൂവും ഒഴിവായി. പശ്ചിമ ബംഗാളില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 ശതമാനം വരെയാണ് വില കുറച്ചത്. വില കുറഞ്ഞതോടെ ഉപയോഗം കൂടി. ഡിസംബറില്‍ മാത്രം 2000 കോടിയുടെ റവന്യൂ വരുമാനമാണ് സംസ്ഥാനത്തിന് ലഭിച്ചത്. മധ്യപ്രദേശില്‍ വിമാനത്താവളങ്ങളിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും മദ്യ വില്‍പന അനുവദിച്ചതും ലാഭം ഉയരുന്നതിന് കാരണമായി.