27.3 C
Kottayam
Wednesday, April 24, 2024

ഇന്‍ഡോര്‍ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

Must read

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. 76 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് മൂന്നാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ഇന്ത്യ 109, 163 & ഓസ്‌ട്രേലിയ 197, 76. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. 49 റണ്‍സോടെ പുറത്താവാതെ നിന്ന ട്രോവിസ് ഹെഡാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 

രണ്ടാം ഇന്നിംഗ്‌സില്‍ ഉസ്മന്‍ ഖവാജയുടെ വിക്കറ്റ് മാത്രമാണ് (0) ഓസീസിന് നഷ്ടമായത്. ആര്‍ അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങിയത്. അധികം വിക്കറ്റ് നഷ്ടമാക്കാതെ ഹെഡും മര്‍നസ് ലബുഷെയ്‌നും (28) എന്നിവര്‍ ഓസീസിന് വിജയത്തിലേക്ക് നയിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 88 റണ്‍സിന്റെ ലീഡ് വഴങ്ങിയ ടീം ഇന്ത്യ ഇന്‍ഡോറില്‍ രണ്ടാം ഇന്നിംഗ്‌സിലും പതറിപ്പോവുകയായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നേഥന്‍ ലിയോണ്‍ തുടക്കത്തിലെ നിയന്ത്രണം കണ്ടെത്തിയപ്പോള്‍ 32 റണ്‍സിനിടെ ഇരു ഓപ്പണര്‍മാരെയും ഇന്ത്യക്ക് നഷ്ടമായി. 15 പന്തില്‍ 5 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ 33 പന്തില്‍ 12 റണ്‍സുമായി രോഹിത് ശര്‍മ്മയും മടങ്ങി. ഗില്‍ ബൗള്‍ഡും രോഹിത് എല്‍ബിയുമാവുകയായിരുന്നു. 

ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം കരുതലോടെ തുടങ്ങിയ വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നില്ല. ഇടംകൈയന്‍ സ്പിന്നര്‍ മാത്യൂ കുനെമാന്‍ 26 പന്തില്‍ 13 റണ്‍സെടുത്ത കോലിയെ എല്‍ബിയില്‍ പുറത്താക്കി. വിക്കറ്റ് ചറപറ വീണതോടെ സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ലിയോണിന്റെ കറങ്ങും പന്തിന് മുന്നില്‍ വീണു. 36 പന്തില്‍ 7 റണ്‍സ് നേടിയ ജഡേജ എല്‍ബിയിലാണ് പുറത്തായത്. പിന്നാലെയായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഖവാജയുടെ വണ്ടര്‍ ക്യാച്ചില്‍ 27 പന്തില്‍ 26 റണ്‍സുമായി ശ്രേയസ് അയ്യരുടെ മടക്കം. 8 പന്തില്‍ 3 റണ്‍സെടുത്ത ശ്രീകര്‍ ഭരതും ലിയോണിന് മുന്നില്‍ ബൗള്‍ഡായി. 28 പന്തില്‍ 16 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിന്‍ ലിയോണിന് മുന്നില്‍ കുടുങ്ങിപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ പൂജാരയാവട്ടെ ലിയോണിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ സ്മിത്തിന്റെ വണ്ടര്‍ ക്യാച്ചില്‍ പുറത്തായി. 

പിന്നാലെ ഒരു ലൈഫ് കിട്ടിയ ഉമേഷ് യാദവ് സിക്‌സര്‍ ശ്രമത്തിനിടെ ഗ്രീനിന്റെ ക്യാച്ചില്‍ വീണു. അവസാനക്കാരനായി മുഹമ്മദ് സിറാജ് ലിയോണിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ 39 പന്തില്‍ 15* റണ്‍സുമായി അക്‌സര്‍ പട്ടേല്‍ പുറത്താകാതെ നിന്നു. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 109 റണ്‍സിനെതിരെ ഓസീസ് 197 റണ്‍സ് കണ്ടെത്തി. ജഡേജ നാലും അശ്വിനും ഉമേഷും മൂന്ന് വീതവും വിക്കറ്റ് വീഴ്ത്തിയിട്ടും ലീഡ് കണ്ടെത്തുകയായിരുന്നു ഓസീസ്. 60 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയായിരുന്നു ഓസീസ് ടോപ് സ്‌കോറര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week