സൽമാൻ ഖാൻ സെക്സിയാണ്; മടിച്ചെങ്കിലും തുറന്ന് പറഞ്ഞ ഐശ്വര്യ റായ്; എങ്ങനെയിരുന്നവരാണെന്ന് ആരാധകർ
മുംബൈ:ബോളിവുഡിൽ അന്നും ഇന്നും നിരവധി ഗോസിപ്പുകൾ വന്ന് പോയിട്ടുണ്ട്. താരങ്ങളുടെ പ്രണയങ്ങളും പ്രണയത്തകർച്ചകളും എല്ലാക്കാലത്തും ആരാധകർക്കിടയിൽ ചർച്ചയായിട്ടുമുണ്ട്. ബോളിവുഡിൽ ഇന്നും ചർച്ചയാവുന്ന സംഭവമാണ് സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയവും ബ്രേക്കപ്പും. രണ്ട് പേരുടെയും താരമൂല്യവും ബ്രേക്കപ്പ് സമയത്തുണ്ടായ വിവാദങ്ങളുമാണ് ഇതിന് കാരണം. 1997 ലാണ് ഐശ്വര്യയും സൽമാൻ ഖാനും പ്രണയത്തിലാവുന്നത്.
സഞ്ജയ് ലീല ഭൻസാലി ചിത്രമായ ഹം ദിൽ കെ ചുകെ സനം എന്ന സിനിമയിൽ ഒരുമിച്ചഭിനയിക്കവെയാണ് ഐശ്വര്യയോട് സൽമാന് പ്രണയം തോന്നുന്നത്. സൊമി അലി എന്ന കാമുകി സൽമാന് അന്നുണ്ടായിരുന്നു. എന്നാൽ ഐശ്വര്യയെ കണ്ടതോടെ സൽമാനും സൊമിയും തമ്മിൽ അകന്നു. സൊമിയുമായി സൽമാൻ വിവാഹത്തിലേക്ക് കടക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു പിരിയൽ. പിന്നീട് ഐശ്വര്യ സൽമാന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. ഐശ്വര്യ-സൽമാൻ പ്രണയം അന്നേറെ ചർച്ചയായി.
കാരണം സൽമാൻ അന്നും ബി ടൗണിലെ ബാഡ് ബോയ് ഇമേജുള്ള നടനാണ്. ഐശ്വര്യയാവട്ടെ ലോകത്ത് തന്നെ അറിയപ്പെടുന്ന താര സുന്ദരിയും. ഐശ്വര്യയെ ഈ ബന്ധം കരിയറിൽ വരെ ബാധിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അത് പോലെ സംഭവിക്കുകയും ചെയ്തു. സൽമാന്റെ ശല്യം മൂലം ഒരുപിടി സിനിമകളിൽ നിന്നും ഷാരൂഖ് ഖാൻ ഐശ്വര്യയെ മാറ്റി.
എന്നാൽ തുടക്ക കാലത്ത് സൽമാനുമായുള്ള അടുപ്പത്തെ ബന്ധുക്കൾ വരെ എതിർത്തിട്ടും ഐശ്വര്യ വഴങ്ങിയില്ലത്രെ. ഐശ്വര്യ മാതാപിതാക്കളോട് പിണങ്ങി മറ്റൊരു ഫ്ലാറ്റിലേക്ക് ഐശ്വര്യ മാറിയെന്ന് ഹാൾ ഓഫ് ഫെയിം ഐശ്വര്യ റായ് എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. എന്നാൽ തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഐശ്വര്യ റായ്ക്ക് തന്നെ പിന്നീട് മനസ്സിലായി. മദ്യപാനം, വഴക്ക്, മോശം പെരുമാറ്റം, ബഹുമാനക്കുറവ് തുടങ്ങി പല കാരണങ്ങൾ പറഞ്ഞ് ഐശ്വര്യ റായ് സൽമാനുമായി പിരിഞ്ഞു.
ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയും ചെയ്യുന്നതാണ് താനും ചെയ്തതെന്നാണ് ഐശ്വര്യ റായ് മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീടൊരിക്കലും സൽമാനെക്കുറിച്ചോ പഴയ ബന്ധത്തെക്കുറിച്ചോ ഐശ്വര്യ റായ് എവിടെയും സംസാരിച്ചിട്ടില്ല. കഴിഞ്ഞ കാര്യത്തിലേക്കില്ല എന്നാണ് ഐശ്വര്യ വ്യക്തമാക്കിയത്. മുമ്പൊരിക്കൽ സൽമാൻ ഖാനെക്കുറിച്ച് ഐശ്വര്യ റായ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സിമി ഗരെവാൾ ടോക് ഷോയിൽ ബോളിവുഡിലെ ഏറ്റവും സെക്സിയും സുന്ദരനുമായ നടൻ ആരെന്ന ചോദ്യം ഐശ്വര്യക്ക് വന്നു. ആദ്യം മറപടി പറയാൻ ഐശ്വര്യ മടിച്ചു. എന്നാൽ പിന്നീട് പുഞ്ചിരിച്ച് കൊണ്ട് സൽമാൻ ഖാന്റെ പേരാണ് ഐശ്വര്യ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.
ആരാധകരുടെ വലിയ നിര തന്നെ വീഡിയോകൾക്ക് തഴെ കമന്റ് ചെയ്യുന്നുണ്ട്. ഐശ്വര്യ സൽമാനുമായി കടുത്ത പ്രണയത്തിലായിരുന്ന സമയത്തുള്ള അഭിമുഖമാണിതെന്ന് പലരും ചൂണ്ടിക്കാട്ടി. പണ്ട് ഐശ്വര്യയും സൽമാനും കാണാൻ എന്ത് ചേർച്ചയായിരുന്നെന്നും പലരും ചിലർ കമന്റ് ചെയ്തു.
ഐശ്വര്യ ഇന്ന് നടൻ അഭിഷേക് ബച്ചന്റെ ഭാര്യയും ആരാധ്യ എന്ന പത്ത് വയസ്സുകാരിയുടെ അമ്മയുമാണ്. എന്നാൽ 57 കാരനായ സൽമാൻ ഇപ്പോഴും അവിവാഹിതനാണ്. നടന് പിന്നീടും പ്രണയങ്ങളുണ്ടായെങ്കിലും ഇതൊന്നും വിജയിച്ചില്ല. നാല് വർഷങ്ങൾക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് ഐശ്വര്യ റായ്.
തിരിച്ചു വരവ് ഐശ്വര്യ അതിഗംഭീരമാക്കി. മണിരത്നം സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ 28 ന് സിനിമ തിയറ്ററുകളിലെത്തും. നന്ദിനി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഐശ്വര്യ റായ് അവതരിപ്പിക്കുന്നത്.