30 C
Kottayam
Tuesday, May 14, 2024

കുറ്റികൾ എറിഞ്ഞൊടിച്ച് അർഷ്‍ദീപ് സിംഗ്,പഞ്ചാബ് കിംഗ്സിനോട് തോല്‍വി സമ്മതിച്ച് മുംബൈ ഇന്ത്യന്‍സ്

Must read

മുംബൈ: അർഷ്‍ദീപ് സിംഗ് ഒരു കൊടുങ്കാറ്റായി, ഐപിഎല്‍ പതിനാറാം സീസണില്‍ റണ്‍മലകളുടെ പോരാട്ടത്തില്‍ സൂര്യകുമാർ യാദവ് വീണ്ടുമുദിച്ചെങ്കിലും പഞ്ചാബ് കിംഗ്സിനോട് തോല്‍വി സമ്മതിച്ച് മുംബൈ ഇന്ത്യന്‍സ്. ഇരു ടീമുകളും 200 കടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് സാം കറനും സംഘവും വിജയിച്ചത്.

 പഞ്ചാബ് വച്ചുനീട്ടിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 201 റണ്‍സെടുക്കാനേയായുള്ളൂ. കാമറൂണ്‍ ഗ്രീനും സൂര്യകുമാർ യാദവും ഫിഫ്റ്റി കണ്ടെത്തിയെങ്കിലും അവസാന ഓവറിലെ രണ്ട് അടക്കം നാല് വിക്കറ്റുമായി അർഷ് പഞ്ചാബിന്‍റെ വിജയശില്‍പിയാവുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ മുംബൈ ഇന്ത്യന്‍സിന് അർഷ്ദീപ് സിംഗിന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഇഷാന്‍ കിഷനെ(4 പന്തില്‍ 1) നഷ്ടമായി. ക്രീസിലൊന്നിച്ച രോഹിത് ശർമ്മ-കാമറൂണ്‍ ഗ്രീന്‍ സഖ്യം 50 റണ്‍സ് കൂട്ടുകെട്ട് പിന്നിട്ടതോടെ മുംബൈക്ക് ആശ്വാസമായി. 27 ബോളില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം 44 എടുത്ത ഹിറ്റ്മാനെ 10-ാം ഓവറിലെ മൂന്നാം പന്തില്‍ ലിയാം ലിവിംഗ്സ്റ്റണ്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പറഞ്ഞയച്ചു.

ഇതിന് ശേഷമെത്തിയ സൂര്യകുമാർ യാദവ് തുടക്കത്തിലെ തകർത്തടിച്ചപ്പോള്‍ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിക്ക് ശേഷം ഗ്രീനും കൂറ്റനടിയിലേക്ക് തിരിഞ്ഞു. 16-ാം ഓവറിലെ മൂന്നാം പന്തില്‍ നേഥന്‍ എല്ലിസ്, ഗ്രീന് കെണിയൊരുക്കുമ്പോള്‍ മുംബൈ സ്കോർ 159. ഗ്രീന്‍ 43 ബോളില്‍ 6 ഫോറും 3 സിക്സും ഉള്‍പ്പടെ 67 നേടി.

പിന്നാലെ സൂര്യകുമാർ 23 പന്തില്‍ ഫിഫ്റ്റി പൂർത്തിയാക്കി. എന്നാല്‍ അർഷ്ദീപ് എറിഞ്ഞ 18-ാം ഓവറിലെ നാലാം പന്തില്‍ സ്കൈ അഥർവയുടെ ക്യാച്ചില്‍ മടങ്ങി. സൂര്യകുമാർ യാദവ് 26 ബോളില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 57 എടുത്തു.


ടിം ഡേവിഡും തിലക് വർമ്മയും ക്രീസില്‍ നില്‍ക്കേ മുംബൈ 18 ഓവറില്‍ 184-4, പന്ത്രണ്ട് പന്തില്‍ ജയിക്കാന്‍ 31. നേഥന്‍ എല്ലിസിന്‍റെ 19-ാം ഓവറില്‍ 15 നേടിയതോടെ അവസാന ആറ് പന്തില്‍ മുംബൈക്ക് ജയിക്കാന്‍ 16 വേണമെന്നായി. മൂന്നാം പന്തില്‍ തിലക് വർമ്മയെ(4 പന്തില്‍ 3) അർഷ് ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ നെഹാല്‍ വധേരയുടെ(1 പന്തില്‍ 0) മിഡില്‍ സ്റ്റംപും തെറിച്ചു. ഇതോടെ ജയമെന്ന മുംബൈ സ്വപ്നം പൊലിഞ്ഞു.

നേരത്തെ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിനാണ് 214 റണ്‍സെടുത്തത്. അഞ്ചാം വിക്കറ്റില്‍ ആളിക്കത്തിയ സാം കറന്‍-ഹര്‍പ്രീത് സിംഗ് ഭാട്ടിയ സഖ്യവും അവസാന രണ്ട് ഓവറില്‍ മിന്നല്‍ വെടിക്കെട്ടുമായി ജിതേഷ് ശര്‍മ്മയും പഞ്ചാബിനെ 200നപ്പുറത്തേക്ക് വഴിനടത്തുകയായിരുന്നു.

കറന്‍ 29 പന്തില്‍ 5 ഫോറും 4 സിക്സുകളോടെയും 55 ഉം ഹര്‍പ്രീത് സിംഗ് ഭാട്ടിയ 28 പന്തില്‍ നാല് ഫോറും രണ്ട് സിക്സോടെയും 41 ഉം ജിതേഷ് ശര്‍മ്മ 7 പന്തില്‍ നാല് സിക്സറുമായി 25 ഉം റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിനായി കാമറൂണ്‍ ഗ്രീനും പീയുഷ് ചൗളയും രണ്ട് വീതവും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫും ജോഫ്ര ആര്‍ച്ചറും ഓരോ വിക്കറ്റും നേടി.

മുംബൈ ബൗളർമാരില്‍ അർജുന്‍ ടെന്‍ഡുല്‍ക്കർ മൂന്ന് ഓവറില്‍ 48 ഉം ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ് മൂന്ന് ഓവറില്‍ 41 ഉം റണ്‍സ് കൊടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ നാല് ഓവറില്‍ 41 ഉം ജോഫ്ര ആർച്ചർ 42 ഉം റണ്‍സ് വിട്ടുകൊടുത്തു. മൂന്ന് വീതം ഓവറില്‍ യഥാക്രമം 15 ഉം 24 ഉം റണ്‍സ് വഴങ്ങിയ പീയുഷ് ചൗളയും ഹൃത്വിക് ഷൊക്കീനും മാത്രമേ റണ്ണൊഴുക്ക് ഇല്ലാണ്ടിരുന്നുള്ളൂ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week