തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയും നടി മാല പാര്‍വതിയുടെ പിതാവുമായ സി.വി. ത്രിവിക്രമന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മാലാ പാര്‍വതിയാണ് അച്ഛന്റെ വിയോഗവാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി.ലളിതയാണ് ഭാര്യ. മറ്റൊരു മകള്‍: ലക്ഷ്മി എം.കുമാരന്‍.
മാല പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ്
എന്റെ അച്ഛന്‍ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും ദത്തന്‍ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞപ്പോള്‍ സൂക്ഷിച്ച് നോക്കി. കാനായി ശില്പം ചെയ്‌തോ ചേര്‍ത്തലയിലെ അംബാലികാ ഹാള്‍ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു.
ഈ മനോഹര തീരത്ത് തരുമോ.. എന്ന ഭാഗം കുറേ ആവര്‍ത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു. കഫം തുപ്പാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സതീശന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാന്‍ നെഞ്ച് തടവുന്നതിനിടയില്‍.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50ന്.