പ്ലസ് ടു പഠിക്കുന്ന കുട്ടിയ്ക്ക് അന്‍പത്തിയഞ്ചുകാരനുമായി പ്രണയം, വേഷത്തിലൂടെ നഷ്ടമായത് ജോലിയും മാനവും തുറന്ന് പറഞ്ഞ് നടി
കൊച്ചി:മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കൃപ. ബാലതാരമായിട്ടായിരുന്നു കൃപ സിനിമയിലെത്തിയത്. മലയാള സിനിമയിലെ മുതിര്‍ന്ന നടിയായ രമയുടെ മകള്‍ കൂടിയാണ് കൃപ എന്ന രമ്യ. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്റെ മകളായിട്ടായിരുന്നു കൃപയെത്തിയത്. പിന്നീട് മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ താരത്തെ തേടിയെത്തി. അവതാരകയായിട്ടും മോഡലിങ്ങ് രംഗത്തുമൊക്കെ താരം ചുവടുവെച്ചിട്ടുണ്ട്.
സിനിമാരംഗത്ത് നിന്നും തനിക്കുണ്ടായ ഒരു ദുരനുഭവം തുറന്ന് പറയുകയാണ് താരം. ഫ്ളവേഴ്സ് ചാനലിന്റെ ഒരു കോടിയിലാണ് കൃപ തന്റെ കരിയറിലെ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തന്റെ പത്തൊമ്പതാം വയസില്‍ അഭിനയിച്ച സിനിമയെക്കുറിച്ചാണ് കൃപ മനസ് തുറന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇല്ലാതിരുന്ന രംഗങ്ങള്‍ ചേര്‍ത്ത്, വര്‍ഷങ്ങള്‍ക്ക് ശേഷം ആ റിലീസ് ചെയ്തതിനെക്കുറിച്ചും അതേ തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുമാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘ഞാനും അച്ഛനും കൂടിയാണ് ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചത്. സാധാരണ ഞാന്‍ തീരെ ഫാഷനബിള്‍ അല്ലാത്ത വസ്ത്രങ്ങളാണ് ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും വേഷം. പക്ഷേ ഈ ചിത്രത്തില്‍ അതില്‍ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു. പ്ലസ് ടു പഠിക്കുന്ന കുട്ടി അന്‍പത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെണ്‍കുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം’ എന്നാണ് കൃപ പറയുന്നത്.
ചില സീനില്‍ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സീനുകള്‍ പറ്റില്ലെന്ന് തങ്ങള്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ പുറത്ത് വന്നപ്പോള്‍ അങ്ങനെയൊന്നുമായിരുന്നില്ലെന്നും കൃപ പറയുന്നു. ‘ഷൂട്ടിംഗ് കഴിഞ്ഞ് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പടം പുറത്തിറങ്ങുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. അന്ന് ഞാന്‍ അഭിനയിക്കാത്ത പല രംഗങ്ങളും അതില്‍ കൂട്ടിച്ചേര്‍ത്ത് മോശം രീതിയിലാണ് അത് ചെയ്തതെന്നും കൃപ പറയുന്നു.
ഈ സിനിമയുടെ റിലീസ് തന്റെ ജീവിതത്തെ ബാധിച്ചുവെന്നും താരം പറയുന്നു. തനിക്ക് കോളജില്‍ അധ്യാപികയായി ജോലി ഓഫര്‍ ലഭിച്ചിരുന്നുവെന്നും ആ സിനിമ ഇറങ്ങിയതോടെ ജോലി പോയെന്നും താരം പറഞ്ഞു. ഒരു ഘട്ടത്തില്‍ തന്റെ അമ്മ പോലും തന്നെ കുറ്റപ്പെടുത്തിയെന്നും കൃപ പറയുന്നുണ്ട്. എന്നാല്‍ ഈ വിഷമ ഘട്ടത്തിലെല്ലാം തനിക്ക് താങ്ങായി കൂടെ നിന്നത് ഭര്‍ത്താവാണെന്നും താരം വ്യക്തമാക്കുന്നു.