സൗദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
റിയാദ്: റിയാദ് പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിന് തീപിടിച്ചു. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിൽ വ്യാഴാഴ്ച രാത്രി 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം.
തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാർക്ക് ബസിൽനിന്ന് ഇറങ്ങാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നീട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. ട്രാഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കനത്ത മഴയുടെ അന്തരീക്ഷത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
ശക്തമായ മഴയെത്തുടർന്ന് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലെ മിക്ക സ്കൂളുകളും അടഞ്ഞു കിടക്കുന്നു. നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് എല്ലാ വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും അവരുടെ സുരക്ഷിതത്വം പരിഗണിച്ച് അവധി നൽകുകയും മദ്രസതി പ്‌ളാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്.
ജിദ്ദ, മക്ക, അൽ-ഖസീം, തായിഫ്, ഖുലൈസ്, ബഹ്‌റ, അൽ-കാമിൽ, അൽ-ജമൂം, റാബിഗ്, അൽ-ഖുവൈയ്യ, അൽ-ഷർഖിയ, അൽ മജ്മഅ, മദീന എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് അവധി നൽകിയിട്ടുള്ളത്.
ദേശീയ കാലാവസ്ഥാ കേന്ദ്രം റിയാദ് മേഖലയിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറഞ്ഞു. അൽ-ഖസീം, അൽ-ഷർഖിയ, റിയാദ്, മക്ക, അൽ-ബാഹ, അസീർ എന്നിവിടങ്ങളിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.