16 പിന്നിട്ട മുസ്‍ലിം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം
ചണ്ഡിഗഡ്: 16നു മുകളിൽ പ്രായമുള്ള മുസ്‍ലിം പെൺകുട്ടിക്കു സ്വന്തം ഇഷ്ടാനുസരണം വിവാഹം ചെയ്യാനാകുമെന്നു പഞ്ചാബ്–ഹരിയാന ഹൈക്കോടതി വ്യക്തമാക്കി. വിവാഹത്തെ എതിർക്കുന്ന രക്ഷിതാക്കളിൽ നിന്നു സംരക്ഷണം ആവശ്യപ്പെട്ട് മുസ്‍ലിം ദമ്പതികൾ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണു ജസ്റ്റിസ് ജസ്ജിത് സിങ് ബേദി ഇക്കാര്യം വ്യക്തമാക്കിയത്.
16 വയസ്സുകാരിയായ പെൺകുട്ടിയും 21 വയസ്സുള്ള ഭർത്താവുമാണു സംരക്ഷണം തേടി കോടതിയിലെത്തിയത്. നാളുകൾക്കു മുൻപു പ്രണയത്തിലായ തങ്ങളുടെ വിവാഹം ജൂൺ 8ന് മുസ്‍ലിം ആചാരപ്രകാരം നടന്നെന്ന് ഇവർ കോടതിയെ അറിയിച്ചു.
മുസ്‍ലിം പെൺകുട്ടികളുടെ വിവാഹം മുസ്‍ലിം വ്യക്തി നിയമപ്രകാരമാണെന്നും 16 കഴിഞ്ഞ പെൺകുട്ടിക്കും 21 വയസ്സു കഴിഞ്ഞ പുരുഷനും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാമെന്നും ജസ്റ്റിസ് ബേദി വ്യക്തമാക്കി. കുടുംബത്തെ ധിക്കരിച്ചു വിവാഹം കഴിച്ചതുകൊണ്ട് ഇവർക്കെതിരെ നടപടി പാടില്ലെന്നു വ്യക്തമാക്കിയ കോടതി, സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടപടി സ്വീകരിക്കാൻ പഠാൻകോട്ട് പൊലീസിനോടു നിർദേശിച്ചു.