കൊളംബിയയിൽ ഇടതുപക്ഷ ജയം; ഗുസ്താവോ പെദ്രോ പ്രസിഡന്റ്,ഇടത് തരംഗത്തിൽ ലാറ്റിനമേരിക്ക
ബൊഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ പുതിയ പ്രസിഡന്റായി മുൻ ഗറില്ല നേതാവ് ഗുസ്താവോ പെദ്രോ (62) തിരഞ്ഞെടുക്കപ്പെട്ടു. രാജ്യചരിത്രത്തിലെ ആദ്യ ഇടതുപക്ഷ പ്രസിഡന്റാണ്. വൈസ് പ്രസിഡന്റായി ഫ്രാൻസിയ മാർക്കേസും (40) വിജയിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രോ അമേരിക്കൻ വംശജയാണ്.
ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ പെദ്രോ 50.48 % വോട്ടു നേടിയപ്പോൾ ശതകോടീശ്വരനായ എതിരാളി റൊഡോൾഫോ ഹെർനാൻഡസ് 47.26 % നേടി. പ്രസിഡന്റ് സ്ഥാനത്തേക്കു പെദ്രോയുടെ മൂന്നാം മത്സരമാണു വിജയത്തിലെത്തിയത്.
നാണ്യപ്പെരുപ്പവും സംഘടിത അക്രമങ്ങളും ജനങ്ങളെ വലയ്ക്കുന്ന കൊളംബിയയിൽ കഴിഞ്ഞ മാസം നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മധ്യ–വലതുപക്ഷ നിലപാടുകാരായ രാഷ്ട്രീയ നേതാക്കളെല്ലാം പുറത്തായിരുന്നു. 1970 കളിൽ രൂപമെടുത്ത എം–19 സായുധ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു പെദ്രോ. തീവ്രവാദക്കുറ്റത്തിനു ജയിലടയ്ക്കപ്പെട്ടെങ്കിലും പിന്നീടു പൊതുമാപ്പ് നൽകി മോചിപ്പിച്ചു. ബൊഗോട്ടോയുടെ മുൻ മേയറായാണ്.
സൗജന്യ വിദ്യാഭ്യാസം, പെൻഷൻ പരിഷ്കരണം തുടങ്ങിയ ജനക്ഷേമ വാഗ്ദാനങ്ങൾ നൽകിയാണു സാമ്പത്തികവിദഗ്ധൻ കൂടിയായ പെദ്രോ തിരഞ്ഞെടുപ്പു നേരിട്ടത്. സിവിൽ എൻജിനീയറും വ്യവസായിയുമായ ഹെർനാൻഡസ്, ടിക്ടോക് അടക്കം സമൂഹമാധ്യമങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്.
മെക്സിക്കോ, അർജന്റീന, ബൊളീവിയ എന്നീ രാജ്യങ്ങളിൽ 2018 നും 2020 നുമിടയിൽ ഇടതുസർക്കാരുകൾ തിരഞ്ഞെടുപ്പുകൾ ജയിച്ചു. 2021 ൽ ചിലെ, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലും ഇടതുപക്ഷം അധികാരത്തിലേറി. ബ്രസീലിലും ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വിജയസാധ്യതയുണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വലിയ രാജ്യമാണു കൊളംബിയ.