ചുട്ടുപഴുത്ത നിലയില്‍ വളയം, വട്ടത്തില്‍ അപൂര്‍വ്വ വസ്തു; ആകാശത്തെ വിസ്മയക്കാഴ്ചയ്ക്ക് പിന്നാലെ കണ്ടെത്തിയത്
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിലും മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളിലും ജനങ്ങളുടെ കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വിസ്മയകാഴ്ച ദൃശ്യമായതിന് പിന്നാലെ അജ്ഞാത വസ്തുക്കള്‍ കണ്ടെത്തി. മൂന്ന് മീറ്റര്‍ വ്യാസമുള്ള വളയമാണ് മഹാരാഷ്ട്ര ചന്ദ്രാപൂര്‍ സിന്ധേവാഹിയിലെ ഗ്രാമത്തില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിയില്‍ മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ആകാശത്താണ് തീ പടര്‍ന്നുപിടിക്കുന്നതു പോലെയുള്ള വിസ്മയ കാഴ്ച ദൃശ്യമായത്. ഉല്‍ക്കാവര്‍ഷം ആണെന്ന് കരുതുന്നതായാണ് വിദഗ്ധരുടെ അഭിപ്രായം. അതിനിടെയാണ് സമീപപ്രദേശത്ത് നിന്ന് അജ്ഞാത വസ്തു കണ്ടെത്തിയത്.
വളയം ചുട്ടുപഴുത്ത നിലയിലായിരുന്നു. ആകാശത്ത് നിന്ന് താഴേ വീണ പോലെയാണ് വളയം കണ്ടെത്തിയതെന്ന് ചന്ദ്രപൂര്‍ തഹസില്‍ദാര്‍ ഗണേഷ് പറയുന്നു. മറ്റൊരു ഗ്രാമത്തിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവിടെ വട്ടത്തിലുള്ള ഒരു അപൂര്‍വ്വ വസ്തുവാണ് കണ്ടെത്തിയതെന്നും തഹസില്‍ദാര്‍ പറയുന്നു.
യുഎസ് ആസ്ഥാനമായ ബ്ലാക്ക് സ്‌കൈ കമ്ബനിയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ശനിയാഴ്ച ഇന്ത്യന്‍ സമയം 6.11ന് വിക്ഷേപിച്ചിരുന്നു.
ഇതിനുപയോഗിച്ച റോക്കറ്റിന്റെ ഭാഗങ്ങളാകാം വീണതെന്ന് ഔറംഗബാദിലെ എപിജെ അബ്ദുല്‍ കലാം ആസ്ട്രോസ്പേസ് ആന്‍ഡ് സയന്‍സ് സെന്റര്‍ ഡയറക്ടര്‍ ശ്രീനിവാസ് ഔന്ധ്കര്‍ പറഞ്ഞു. കണ്ടെത്തിയ സാമ്ബിളുകളുടെ കെമിക്കല്‍ അനാലിസസ് പരിശോധന നടത്താതെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയില്ലെന്ന് നാഗ്പുരിലെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സെന്‍ട്രല്‍ റീജിയണ്‍ ഓഫിസിന്റെ ഡയറക്ടര്‍ രാഷ്ട്രപാല്‍ ചവാന്‍ അറിയിച്ചു.