KeralaNews

വഴക്കിട്ട കമിതാക്കളില്‍ കാമുകന്‍ തൂങ്ങിമരിച്ചു; കാണാതായ യുവതി പൊന്തക്കാട്ടിൽ ഒളിച്ച നിലയിൽ

കോട്ടയം: വഴക്കടിച്ച കമിതാക്കളിൽ കാമുകനെ ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവസമയം ഒപ്പമുണ്ടായിരുന്ന യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വൈക്കം വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം മാമ്പറയിൽ ഹേമാലയം വീട്ടിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപു (22) ആണ് മരിച്ചത്.

കാണാതായ യുവതിയുടെ ബാഗും മൊബൈൽഫോണും മാസ്കും ടവ്വലും മൃതദേഹം കണ്ടെത്തിയ പുരയിടത്തിൽതന്നെ അല്പംമാറി ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മൃതദേഹത്തിൽനിന്ന് പോലീസിന് ലഭിച്ചു. യുവതിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പിൽ പറയുന്നു.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുമരകം ചീപ്പുങ്കൽ മാലിക്കായലിന് സമീപത്ത് ടൂറിസം വകുപ്പിന്റെ കാടുപിടിച്ചുകിടക്കുന്ന തകർന്ന കെട്ടിടത്തിലേക്ക് യുവാവും യുവതിയും കയറിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇരുവരെയും പുറത്തേക്ക് കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒപ്പമുണ്ടായിരുന്ന യുവതിക്കായി തിരച്ചിൽ നടത്തിയെങ്കിലും സമീപത്തെങ്ങും കണ്ടെത്താനുമായില്ല. നാട്ടുകാർ വെസ്റ്റ് പോലീസിൽ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് കണ്ടെത്തിയ ബാഗിൽനിന്ന് ലഭിച്ച മൊബൈൽഫോൺ പിന്തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന്, വീട്ടുകാരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോർട്ടിന് വശത്തുകൂടി ഓടി പ്രധാനവഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി വെള്ളത്തിൽ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിൽ നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകീട്ട് സമീപപ്രദേശത്തെ വെള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.യുവതിയെ സമീപത്തുള്ള പൊന്തക്കാട്ടിൽ നിന്നും പുലർച്ചെ നാട്ടുകാർ കണ്ടെത്തി.സംഭവത്തിന്‌ ശേഷം പെൺകുട്ടി ഓടി സമീപത്തെ പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു.

.

കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. . ഗോപുവിന്റെ സംസ്കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker