KeralaNews

അപമര്യാദയായി പെരുമാറിയ സ്വാമിക്കെതിരേ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന ആരോപണവുമായി യുവതി

കൊച്ചി: അശ്ലീല സന്ദേശങ്ങളും ഫോട്ടോയും അയച്ച തിരുവനന്തപുരം സ്വദേശിയും പ്രമുഖ സംഘടനാ നേതാവുമായ സ്വാമിക്കെതിരേ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി യുവതി രംഗത്ത്. തോപ്പുംപടി സ്വദേശിനിയായ യുവതിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. താന്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാത്ത പോലീസ് സ്വാമിയെ മര്‍ദിച്ചെന്ന പരാതിയില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

സംഭവം സംബന്ധിച്ച് ഡിസിപി ഓഫീസില്‍ നേരിട്ടുചെന്ന് പരാതി പറഞ്ഞപ്പോള്‍ തോപ്പുംപടി സ്റ്റേഷനില്‍ നല്കാനാണ് നിര്‍ദേശിച്ചത്. തോപ്പുംപടി സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 262/2022 ആയി കേസ് രജിസ്റ്ററും ചെയ്തു. കേസിന്റെ ഭാഗമായി രണ്ടുതവണ സ്റ്റേഷനിലേക്ക് വിളിച്ച് സ്റ്റേറ്റ്‌മെന്റ് എടുത്തതായും പിന്നീട് ഫോണ്‍ നമ്പറില്ലെന്ന് പറഞ്ഞ് അതേ നമ്പറിലേക്കു തന്നെ വിളിച്ചുപറഞ്ഞ് സ്റ്റേഷനിലേക്കു വരുത്തിച്ചതായും യുവതി പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്റ്റേറ്റ്‌മെറ്റ് എടുക്കാനും എഫ്‌ഐആറിന്റെ പകര്‍പ്പു നല്കാനുമൊക്കെയായി വിളിപ്പിച്ച് രാത്രി ഏറെ വൈകിയാണ് വിട്ടയച്ചതെന്നും ഇവര്‍ ആരോപിച്ചു. ഇതിനിടെയാണ് സ്വാമിയെ ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ രണ്ടുപേരെ മറ്റൊരു സ്റ്റേഷനില്‍ അറസ്റ്റുചെയ്തത്. സംഭവത്തില്‍ തന്നേയും പിടിക്കുമോയെന്ന ആശങ്കയില്‍ ഭര്‍ത്താവ് മാറി നില്‍ക്കുകയാണെന്നും യുവതി പറഞ്ഞു.

സംഭവത്തെക്കുറിച്ചു യുവതി പറയുന്നതിങ്ങനെ: കോവിഡ് കാലത്തടക്കം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന യുവതി അതിന്റെ ഭാഗമായാണ് സ്വാമിയെ ഫോണിലൂടെ പരിചയപ്പെടുന്നത്. വാട്ട്‌സ്ആപ്പ് കോളില്‍ മാത്രം ബന്ധപ്പെട്ടിരുന്ന സ്വാമി എറണാകുളത്തു സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുമ്പോള്‍ വിളിക്കാമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

ദിവസങ്ങള്‍ക്കകം തന്നെ വീണ്ടും വിളിച്ച് ജന്മദിനമടക്കം ചോദിച്ചു. സദുദ്ദേശമെന്നു കരുതി നല്കിയപ്പോള്‍ ദോഷമുണ്ടെന്നും പൂജ ചെയ്യണമെന്നുമായിരുന്നു മറുപടി. പിന്നീടാണ് അശ്ലീല സംഭാഷണവും സന്ദേശമയയ്ക്കലും ചിത്രങ്ങള്‍ അയയ്ക്കലും തുടങ്ങിയത്. ഇതുസംബന്ധിച്ച് ഭര്‍ത്താവിനോടു യുവതി പറഞ്ഞു. അന്വേഷണത്തില്‍ ഇതുപോലുള്ള വിഷയവുമായി ബന്ധപ്പെട്ട് സ്വാമിയെ സംഘടനയില്‍നിന്നു പുറത്താക്കിയെന്നാണ് അറിയാനായതെന്നും ഇവര്‍ പറയുന്നു.

പിന്നീടാണ് എറണാകുളത്തു വരുന്നുണ്ടെന്നും ദോഷം മാറ്റാന്‍ നഗ്നയായി നിന്ന് മുട്ടയും തേങ്ങയും നാരങ്ങുമൊക്കെയായി പൂജ ചെയ്യണമെന്നും പറഞ്ഞ് വീണ്ടും വിളിച്ചു. ഇതറിഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളും സ്വാമി താമസിച്ചിരുന്ന ഹോട്ടലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതാണ് പിന്നീട് കേസായത്. അവിടെ എന്താണ് നടന്നതെന്നു യുവതിക്കും കൃത്യമായി അറിയില്ല. ഒമ്പതാം തീയതിയാണ് സ്വാമി പരാതി നല്കിയത്. അതിനും മുന്നേ താന്‍ പരാതി നല്കിയിരുന്നതായും യുവതി പറഞ്ഞു.

ഭര്‍ത്താവ് മാറി നില്‍ക്കുന്നതിനാല്‍ രണ്ടു കുട്ടികളുമായി മാത്രം കഴിയുന്ന തന്നെ പരിചയമില്ലാത്ത ഒരാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. ഭര്‍ത്താവില്ലാത്തതിനാലും വന്നയാളെ പരിചയമില്ലാത്തതിനാലും വാതില്‍ തുറന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ പരിശോധനയ്ക്കായി ഫോണ്‍ സ്റ്റേഷനില്‍ നല്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ പോലീസ് ഉന്നയിക്കുന്നത്. എന്നാല്‍, തെളിവു നശിപ്പിക്കപ്പെടുമോയെന്ന ആശങ്കയില്‍ ഫോണ്‍ നല്കിയിട്ടില്ലെന്നും യുവതി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker