KeralaNews

ബ്രൈഡല്‍ സ്റ്റുഡിയോയിലെ പീഡനം: മേക്കപ്പിനായി അനീസ് ഈടാക്കിയിരുന്നതു വന്‍ തുക

കൊച്ചി: ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന കൊച്ചിയിലെ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി ഇടപാടുകാരില്‍നിന്ന് ഈടാക്കിയിരുന്നതു വന്‍ തുക. ബ്രൈഡല്‍ മേക്കപ്പിനും മറ്റുമായി സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ എത്തിയിരുന്നത്. സാധാരണ മേക്കപ്പിന് 5000 രൂപ മുതല്‍ 25,000 രൂപവരെയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ബ്രൈഡല്‍ മേക്കപ്പിന് 50,000 രൂപ വരെ അനീസ് അന്‍സാരി ഈടാക്കിയിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയ്ക്ക് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകള്‍ ഉണ്ട്.

അതേസമയം ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അനീസ് അന്‍സാരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. കൊച്ചിയിലെ ഒരു വക്കീല്‍ മുഖാന്തിരമാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഇയാളെ എങ്ങനെയെങ്കിലും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.

പ്രതി ദുബായിലേക്ക് കടന്നെങ്കിലും പിന്നീട് കേരളത്തില്‍ തിരിച്ചെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പാസ്പോര്‍ട്ട് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഏഴു പരാതികള്‍ ലഭിച്ചെങ്കിലും നാലു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരുടെ മൊഴികള്‍ വീഡിയോ കോണ്‍ഫ്രറന്‍സിംഗിലൂടെ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതിനുശേഷം കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തും.

വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യൂണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയില്‍ മേക്കപ്പ ചെയ്യുന്നതിനിടെ അനീസ് അന്‍സാരി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവതികളുടെ പരാതിയിലുള്ളത്. കേരളത്തിനു പുറത്തുള്ളവരാണ് പരാതിക്കാരികള്‍. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിലാണ് ഇന്നലെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2015 ഏപ്രിലില്‍ വിവാഹ മേക്കപ്പിനായി ചെന്നപ്പോള്‍ മേക്കപ്പിനിടെ അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി.

വിവാഹ ദിവസമായതിനാല്‍ പരാതി നല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മറ്റു യുവതികളുടെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നിലവില്‍ പരാതി നല്കിയതെന്ന് യുവതി പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമായിരുന്നു യുവതികളുടെ പരാതി.

2019ല്‍ വിവാഹ മേക്കപ്പിനു ബുക്കുചെയ്ത താന്‍ ട്രയല്‍ മേക്കപ്പിനായി വിവാഹത്തിനു ഒരാഴ്ച മുമ്പ് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ അനീസ് വസ്ത്രം അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആദ്യം അനുഭവം പങ്കുവച്ച യുവതിയുടെ പരാതി. ഇതോടെ മേക്കപ്പ് ചെയ്യുന്നതു നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ബുക്കിംഗ് റദ്ദാക്കിയെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. മറ്റു മൂന്നു യുവതികള്‍ക്കും സമാനമായ അനുഭവമാണ് ഇയാളില്‍ നിന്ന് ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker