വയനാട്: വയനാട് വെണ്ണിയോട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് താമസിച്ചു വരുന്ന പനമരം പുലച്ചിക്കുനി കുറിച്ച ഊരിലെ അനിഷ(35)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുകേഷ് കമ്പളക്കാട് പോലീസിൻ്റെ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മുകേഷ് ഭാര്യയെ മർദ്ദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
കൊലപാതക ശേഷം മുകേഷ് തന്നെയാണ് പോലീസിൽ വിവരം അറിയിച്ചതെന്നും പറയുന്നു. പോലീസെത്തുമ്പോഴാണ് അയൽവാസികളും വിവരം അറിയുന്നത്. പെയിൻ്റിംഗ് തൊഴിലാളിയാണ് മുകേഷ്. അനിഷ നേരത്തെ തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.
2022 നവംബറിലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. മുകേഷിനെ കമ്പളക്കാട്പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ബുധനാഴ്ച രാവിലെ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.