KeralaNews

നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; മണിക്കെതിരായ പരാമർശത്തിൽ ന്യായീകരണമില്ല, തെറ്റ് തെറ്റായി കാണുന്നു: സുധാകരൻ

തിരുവനന്തപുരം: ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ എം എം മണിക്കെതിരെ നടത്തിയ ‘ചിമ്പാൻസി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നിയെന്നും തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നം സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

സുധാകരന്‍റെ ഖേദപ്രകടനം

ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. 
ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

മുൻ മന്ത്രി എം.എം.മണിക്കെതിരെ ഇന്ന് രാവിലെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അധിക്ഷേപ പരാമർശം നടതതിയത്. മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നുപോലെയാണെന്നും ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ എന്നും സുധാകരൻ ചോദിച്ചിരുന്നു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ പറഞ്ഞിരുന്നു. ചിമ്പാൻസിയുടെ ശരീരത്തിൽ എം എം മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ സുധാകരന്റെ പരാമർശം. സംഭവത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും സുധാകരൻ ചോദിച്ചിരുന്നു.

മഹിളാ കോൺഗ്രസ് ഇന്ന് രാവിലെ നടത്തിയ നിയമസഭാ മാർച്ചിലാണ് എം എം മണിയെ അധിക്ഷേപകരമായി ചിത്രീകരിച്ചത്. മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ എത്തിയത്. ചിമ്പാൻസിയുടെ ചിത്രത്തിൽ എം എൽ എയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവർത്തകർ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാതിവഴിക്ക് മടങ്ങുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മഹിളാ കോൺഗ്രസ് പിന്നീട് മാപ്പ് പറയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker