FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ (5-1)

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി.

മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള സ്വീഡന്റെ മുന്നേറ്റങ്ങളാണ് മൈതാനത്ത് കണ്ടത്. അഞ്ചാം മിനിറ്റിൽ വിക്ടർ ഗ്യോകെറസ് ഗോളിനടുത്തെത്തി. പക്ഷേ ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ട് മിനിറ്റുകൾക്ക് ശേഷം സ്വീഡൻ ലീഡെടുത്തു. യാസിൻ അയാരിയാണ് വലകുലുക്കിയത്. പിന്നീട് ടുണീഷ്യ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മുന്നേറ്റങ്ങൾക്ക് വേഗത കൂട്ടി. എന്നാൽ 30-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി സ്വീഡൻ ലീഡുയർത്തി. അലക്‌സാണ്ടർ ഇസാക്കാണ് ഗോൾ സ്‌കോറർ.

ഗോളടിച്ചതിന് പിന്നാലെ സ്വീഡൻ ആക്രമണഫുട്‌ബോളിലൂടെ മുന്നേറിക്കൊണ്ടേയിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ടുണീഷ്യ ഒരു ഗോൾ മടക്കി. 43-ാം മിനിറ്റിൽ ഒമർ റെകിക്കാണ് തിരിച്ചടിച്ചത്. ആദ്യ പകുതി 2-1 ന് സ്വീഡൻ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി. ടുണീഷ്യൻ ബോക്‌സിലേക്ക് നിരന്തരം സ്വീഡൻ താരങ്ങൾ കയറിയിറങ്ങി. സ്വീഡന്റെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ടുണീഷ്യൻ പ്രതിരോധനിര വല്ലാതെ ബുദ്ധിമുട്ടി. കളി അൽപ്പം പരുക്കനുമായി. 59-ാം മിനിറ്റിൽ ഗ്യോകെറസിലൂടെ സ്വീഡൻ മൂന്നാം ഗോളും കണ്ടെത്തി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ സ്വീഡൻ രണ്ട് ഗോളുകൾ കൂടി നേടി. 84-ാം മിനിറ്റിൽ മാത്യാസ് സ്വാൻബെർഗും ഇഞ്ചുറി ടൈമിൽ യാസിനും പട്ടിക തികച്ചു. അതോടെ ടുണീഷ്യൻ പതനം പൂർണമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News