കൊച്ചി: ‘യോദ്ധ’ എന്ന സിനിമയിലെ ‘കുനു കുനെ ചെറു കുറുനിരകൾ…’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഭീതിപ്പെടുത്തുന്ന അനുഭവം തുറന്ന് പറഞ്ഞ് നടി മധുബാല. അന്ന് നേപ്പാളിൽ വച്ച് മദ്യപിച്ചെത്തിയ വൻ ജനക്കൂട്ടത്തിന് നടുവിൽ നിന്ന് നടൻ മോഹൻലാലും സന്തോഷ് ശിവന്റെ അസിസ്റ്റന്റും ചേർന്ന് തന്നെ രക്ഷപെടുത്തിയ കഥയാണ് താരം വെളിപ്പെടുത്തിയത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മധുബാല.
“യോദ്ധയുടെ ഷൂട്ടിങ് നേപ്പാളിൽ ആയിരുന്നു. ആദ്യത്തെ ഒരു മാസം അച്ഛൻ കൂടെയില്ലാത്തതുകൊണ്ട് ഞാൻ അവിടെ തനിച്ചായിരുന്നു. രാജ്യത്തിന് പുറത്ത് ഒറ്റയ്ക്കായതുകൊണ്ട് എനിക്ക് വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് ഭയങ്കരമായി തോന്നിയിരുന്ന സമയമാണത്. പക്ഷേ, അവിടെ എനിക്ക് ക്യാമറമാൻ സന്തോഷ് ശിവൻ ഉണ്ടായതായിരുന്നു വലിയൊരു ആശ്വാസം. മുൻപ് ഞങ്ങൾ ഒന്നിച്ച് ‘റോജ’യിൽ വർക്ക് ചെയ്ത പരിചയമുണ്ടായിരുന്നു. അദ്ദേഹം എനിക്ക് വായിക്കാൻ പുസ്തകങ്ങൾ തരുമായിരുന്നു, നല്ലൊരു കമ്പനിയായിരുന്നു. ലാലേട്ടനും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എനിക്ക് മലയാളമൊന്നും അറിയില്ലായിരുന്നു, എങ്കിലും എല്ലാവരും എന്നെ നന്നായി നോക്കി.
എന്നാൽ ‘കുനു കുനെ…’ എന്ന പാട്ടിന്റെ ചിത്രീകരണം വലിയൊരു അനുഭവമായിരുന്നു. ഞങ്ങൾ ഷൂട്ട് ചെയ്യുന്ന ആ മാർക്കറ്റ് പരിസരത്തുള്ള ആളുകളെല്ലാം വൈകിട്ട് ഒരു ആറ് മണിയാകുമ്പോഴേക്കും മദ്യപിക്കും. പഗോഡയുടെ മുകളിൽ വച്ചായിരുന്നു ഞങ്ങളുടെ ഡാൻസ് ഷൂട്ട്. കുറച്ചു കഴിഞ്ഞപ്പോൾ താഴെയുണ്ടായിരുന്ന ആളുകളെല്ലാം മുകളിലേക്ക് വരുന്നതുപോലെ എനിക്ക് തോന്നി. ഞാൻ എന്റെ അസിസ്റ്റൻസിനോട് ചോദിച്ചപ്പോൾ ‘ഇല്ല’ എന്നാണ് അവർ പറഞ്ഞത്.
പക്ഷേ പെട്ടെന്നാണ് ഞങ്ങളെല്ലാവരും തിരിച്ചറിഞ്ഞത്, മദ്യപിച്ചെത്തിയ ആ വൻ ജനക്കൂട്ടം ഞങ്ങളുടെ വെറും മൂന്നടി മാത്രം അകലെയെത്തിക്കഴിഞ്ഞിരുന്നു, ലാലേട്ടനും അപകടം മനസ്സിലായി. ഉടനെ തന്നെ എന്റെ ഒരു കയ്യിൽ ലാലേട്ടനും മറുകയ്യിൽ സന്തോഷ് ശിവന്റെ അസിസ്റ്റന്റ് ബിജോയ്‌യും പിടിച്ചു. ഒട്ടും സമയം കളയാതെ അവർ എന്നെയും കൊണ്ട് പഗോഡയുടെ ആ വലിയ സ്റ്റെപ്പുകളിൽ നിന്ന് താഴേക്ക് ചാടി ഓടുകയായിരുന്നു. ആ ആൾക്കൂട്ടത്തിന് നടുവിൽ ഞങ്ങളെ കാത്ത് ഒരു കാർ സ്റ്റാർട്ട് ചെയ്ത് കിടപ്പുണ്ടായിരുന്നു. അവർ എന്നെയും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന എട്ട് ഡാൻസർ പെൺകുട്ടികളെയും കാറിൽ കയറ്റി നേരെ പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. ഒരു തരത്തിലും നിയന്ത്രിക്കാൻ പറ്റാത്തത്ര തിരക്കായിരുന്നു അവിടെ.
ആ സംഭവത്തിന് ശേഷം ഞാൻ എന്റെ അച്ഛനെ വിളിച്ച് കരഞ്ഞുപറഞ്ഞതൊക്കെ ഇപ്പോഴും ഓർമയുണ്ട്. ‘ഇതുപോലെയൊക്കെ സംഭവിച്ചു അപ്പാ, പക്ഷേ ഒരാളുടെ നിഴൽപോലും എന്റെ ദേഹത്ത് സ്പർശിച്ചില്ല’ എന്നാണ് ഞാൻ പറഞ്ഞത്. വലിയ പാവാടയും ബ്ലൗസുമൊക്കെയിട്ടാണ് ഞാൻ ആ ആൾക്കൂട്ടത്തിന് നടുവിലൂടെ ഓടിയത്. എന്നിട്ടും അത്രയും വലിയൊരു ജനക്കൂട്ടമുണ്ടായിട്ടും ഒരാൾ പോലും എന്നെ തൊട്ടില്ല. അത്രയും സുരക്ഷിതമായാണ് ലാലേട്ടനും ബിജോയും കൂടി എന്നെ അവിടെനിന്ന് രക്ഷപെടുത്തിയത്. ആ ഒരു പേടിയും ലാലേട്ടന്റെ സഹായവും എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല”– മധുബാല പറഞ്ഞു.

