വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; വടക്കന്‍ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം

ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഷോമേര, ഷ്‌ലോമി എന്നിവിടങ്ങള്‍ക്ക് സമീപം പതിച്ചതായി സൈന്യം അറിയിച്ചു. ആര്‍ക്കും പരിക്കുകളില്ല. വാരാന്ത്യത്തില്‍ നടന്ന രണ്ട് ആക്രമണങ്ങള്‍ക്ക് പുറമെയാണ് ഞായറാഴ്ചത്തെ ഈ നീക്കം. തങ്ങളുടെ പൗരന്മാര്‍ക്ക് നേരെയുള്ള ഹിസ്ബുള്ളയുടെ ഭീഷണി അവസാനിപ്പിക്കാന്‍ സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് എക്‌സ് പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കി.

ആദ്യ പ്രസ്താവനയില്‍, ഇസ്രായേല്‍-ലബനന്‍ അതിര്‍ത്തിക്ക് സമീപം രണ്ട് സംശയാസ്പദമായ വിമാനങ്ങള്‍ പതിച്ചതായി സൈന്യം അറിയിച്ചിരുന്നു. പിന്നീട് മറ്റൊരു ശത്രു വിമാനം കൂടി ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തി കടന്നതായി സൈന്യം സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്റൂട്ടിലെ ‘ദാഹിയ’ തകര്‍ക്കണമെന്നും, ഓരോ ഡ്രോണ്‍ ആക്രമണത്തിനും മിസൈല്‍ ഉപയോഗിച്ച് മറുപടി നല്‍കണമെന്നും നാഷണല്‍ സെക്യൂരിറ്റി മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആവശ്യപ്പെട്ടു.

ഓരോ ഡ്രോണിനും ഓരോ മിസൈല്‍, ഓരോ ലംഘനത്തിനും തിരിച്ചടി, ദാഹിയ വിറയ്ക്കണം എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ദാഹിയ തകര്‍ക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുന്നതായി ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും അറിയിച്ചു. നേരത്തെയും ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ള നെതന്യാഹു, അമേരിക്കയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്നു. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും തെക്കന്‍ ലബനനിലെ 29 ഗ്രാമങ്ങളിലെ താമസക്കാര്‍ക്ക് ഇസ്രായേല്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്ത് സൈനിക നടപടികള്‍ വീണ്ടും ശക്തമാക്കാനുള്ള സൂചനയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News