യൂട്യൂബ് നോക്കി പ്രസവിച്ചു; കുഞ്ഞിന് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍
ചെന്നൈ: യൂ ട്യൂബ് (You Tube) നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു . ഗുരുതരാവസ്ഥയിലായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിനടുത്തെ നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. 28കാരിയായ ഗോമതി എന്ന യുവതിയാണ് യൂ ട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്.
ഭര്‍ത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു സംഭവം. സഹോദരിയുടെ സഹായവും ഇവര്‍ക്ക് ലഭിച്ചു. ഡിസംബര്‍ 13നായിരുന്നു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു.
ശനിയാഴ്ച യുവതിക്ക് പ്രസവ വേദന തുടങ്ങി. എന്നാല്‍ ആശുപത്രിയില്‍ പോകാതെ യൂ ട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ലോകനാഥന്റെയും ഗോമതിയുടെയും തീരുമാനം. സഹായത്തിനായി ഗോമതി സഹോദരിയെയും വിളിച്ചു. എന്നാല്‍ ഇവര്‍ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാനായില്ല.
പ്രസവിച്ചയുടനെ കുഞ്ഞ് മരിക്കുകയും യുവതി അബോധാവസ്ഥായിലാകുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലോകനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു.