പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയതാണ് വിവാദമായത്. തൃശ്ശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓർഡിനറി ബസിലാണ് ഈ സംഭവം നടന്നത്. ഇന്ന് രാവിലെ 9 മണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതി തൃശൂരിൽ ഫ്‌ളാഗ് ഓഫ് ചെയ്തത്. എന്നാൽ, 9:35-ന് ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർത്ഥിനികളിൽ നിന്ന് കണ്ടക്ടർ പണം ഈടാക്കുകയായിരുന്നു. സൗജന്യ യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ ‘സിസ്റ്റം അപ്ഡേറ്റ് ആയിട്ടില്ല’ എന്ന സാങ്കേതിക ന്യായമാണ് ജീവനക്കാർ നൽകിയത്.

സൗജന്യ യാത്ര ആരംഭിക്കുന്നത് കാത്ത് രാവിലെ എട്ടര മുതൽ തങ്ങൾ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. ബസിൽ കയറിയപ്പോൾ തങ്ങൾക്ക് പൂച്ചെണ്ടും ലഡുവും നൽകി സ്വീകരിച്ചുവെങ്കിലും പണം ഈടാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. തങ്ങൾ പരാതി അറിയിച്ചപ്പോൾ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും അത് ഗൗനിക്കാതെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ പകർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിദ്യാർത്ഥിനികൾ ആരോപിച്ചു.

പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് തന്നെ സിസ്റ്റം അപ്ഡേറ്റ് ചെയ്യേണ്ടത് കെഎസ്ആർടിസിയുടെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും, അധികൃതരുടെ വീഴ്ചയ്ക്ക് യാത്രക്കാർ പണം നൽകേണ്ടി വരുന്നത് ഖേദകരമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ആഘോഷങ്ങൾക്കിടയിൽ യാത്രക്കാരുടെ യഥാർത്ഥ പ്രശ്‌നങ്ങൾ അധികൃതർ മുഖവിലയ്‌ക്കെടുത്തില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News